നടന് ബാബുരാജിനെതിരെ പരാതിയുമായി വ്യവസായി രംഗത്ത്. മൂന്നാറില്‍ റവന്യു വകുപ്പിന്റെ നടപടി നേരിടുന്ന ഭൂമിയിലെ റിസോര്‍ട്ട് പാട്ടത്തിന് നല്‍കിയതുമായി ബന്ധപ്പെട്ട് കോതമംഗലം തലക്കോട് സ്വദേശിയായ അരുണ്‍കുമാറാണ് രംഗത്തെത്തിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ബാബുരാജിനെതിരെ കേസെടുത്തെങ്കിലും തുടര്‍നടപടിയുണ്ടായില്ല.
മൂന്നാര്‍ കമ്പിലൈനിലാണ് ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വൈറ്റ് മിസ്റ്റ് റിസോര്‍ട്ട്. 2020 ല്‍ 40 ലക്ഷം രൂപ കരുതല്‍ ധനമായി വാങ്ങി റിസോര്‍ട്ട് ബാബുരാജ് അരുണ്‍കുമാറിന് പാട്ടത്തിന് നല്കി. കൊവിഡ് സാഹചര്യത്തില്‍ ഒറ്റദിവസം പോലും അരുണ്‍കുമാറിന് റിസോര്‍ട്ട് തുറക്കാനായില്ല. 2021 ല്‍ തുറക്കാന്‍ തീരുമാനിക്കുകയും ലൈസന്‍സിനായി പള്ളിവാസല്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കുകയും ചെയ്തു. എന്നാല്‍ റിസോര്‍ട്ട് ഇരിക്കുന്ന ഭൂമിയുടെ പട്ടയം സാധുവല്ലെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് റവന്യു വകുപ്പ് നടപടി സ്വീകരിച്ചതാണെന്നും പഞ്ചായത്ത് മറുപടി നല്കി. തുടര്‍ന്ന് ബാബുരാജിനോട് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്നാണ് അരുണ്‍ ആരോപിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ചില്‍ അരുണ്‍കുമാര്‍ അടിമാലി കോടതിയില്‍ ബാബുരാജ് വഞ്ചിച്ചെന്ന് കാണിച്ച് പരാതി നല്കി. പരാതി സ്വീകരിച്ച കോടതി അടിമാലി പൊലീസിനോട് വഞ്ചന കുറ്റത്തിന് കേസെടുക്കാന്‍ നിര്‍ദേശിച്ചു. കേസെടുത്തെങ്കിലും തുടര്‍നടപടിയുണ്ടായില്ലെന്നാണ് അരുണ്‍ കുമാര്‍ പറയുന്നത്.