സംവിധായകൻ ഒമർ ലുലു ഒ ടി ടിക്ക് വേണ്ടി ഒരുക്കിയ സിനിമയാണ് നല്ല സമയം. ഫൺ ത്രില്ലർ എന്ന് വിശേഷിപ്പിച്ചിരിക്കുന്ന ചിത്രത്തിൽ നടൻ ഇർഷാദ് അലിയാണ് നായകനായി എത്തുന്നത്. ഈ ചിത്രത്തിലൂടെ നാല് പുതുമുഖ നായികമാരെയാണ് ഒമർ ലുലു അവതരിപ്പിക്കുന്നത്. നവംബറിൽ ചിത്രം റിലീസ് ചെയ്യും. അതിനു മുമ്പായി ചിത്രത്തിലെ ഒരു വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് ഒമർ ലുലു.
പുതുമുഖ നായികമാരെ പരിചയപ്പെടുത്തുന്നതാണ് ഈ വീഡിയോ ഗാനം. ഈ ഗാനരംഗത്തിൽ ബിഗ് ബോസ് താരം ജാസ്മിൻ എം മൂസയും സാന്നിധ്യം അറിയിക്കുന്നുണ്ട്. ഫ്രീക്ക് ലുക്കില്‍ ഫ്രണ്ട്സുമായി എന്ന് ആരംഭിക്കുന്ന ഗാനം രചിച്ചിരിക്കുന്നത് രാജീവ് ആലുങ്കല്‍ ആണ്. പാട്ട് പാടിയിരിക്കുന്നത് ബിന്ദു അനിരുദ്ധന്, ജീനു നസീര്‍, ചിത്ര എസ് എന്നിവരാണ്.
പുതുമുഖ നായികമാരായ നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്, ഗായത്രി ശങ്കര്‍ എന്നിവരെ ഈ ഗാനത്തിൽ കാണാൻ കഴിയും. വളരെ സ്റ്റൈലിഷ് ആയാണ് ചിത്രത്തിലെ നായികമാരെ ഒമർ ലുലു അവതരിപ്പിക്കുന്നത്. ഇന്ദുലേഖ വാര്യരാണ് ഈ ഗാനത്തിന് വേണ്ടി റാപ് വരികൾ എഴുതി ആലപിച്ചത്.