തെന്നിന്ത്യൻ സിനിമാപ്രേമികൾ ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന സിനിമയാണ് കെ ജി എഫ് ചാപ്റ്റർ ടു. കെ ജി എഫ് ഒന്നാം ഭാഗം പ്രേക്ഷകർക്ക് പ്രിയങ്കരമാകാൻ കാരണം അതിലെ ഗാനങ്ങളും ഒപ്പം തന്നെ ബാക്ക് ഗ്രൗണ്ട് സ്കോറും ആയിരുന്നു. അതുകൊണ്ടു തന്നെ ചാപ്റ്റർ ടുവിൽ നിന്നും മികച്ച ഗാനങ്ങളാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. പ്രേക്ഷകരുടെ പ്രതീക്ഷ സഫലമാക്കുന്ന തരത്തിൽ ആയിരുന്നു ആദ്യത്തെ ഗാനമായ ‘തൂഫാൻ’ എത്തിയത്. ഇപ്പോൾ ചിത്രത്തിലെ രണ്ടാമത്തെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോയും എത്തിയിരിക്കുകയാണ്. ‘ഗഗനം നീ’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. റോക്കിയുടെ കുട്ടിക്കാലവും അമ്മയും ഒക്കെയാണ് പാട്ടിൽ നിറഞ്ഞു നിൽക്കുന്നത്. ലാഹരി മ്യൂസിക – ടി സീരീസ് യുട്യൂബ് ചാനലിലൂടെയാണ് പുതിയ ഗാനത്തിന്റെ മലയാളം വേർഷൻ റിലീസ് ചെയ്തിരിക്കുന്നത്.
കെ ജി എഫ് ഒന്നാം ഭാഗത്തിലെ അമ്മയുടെ കഥാപാത്രവും പാട്ടുമൊക്കെ ഏറെ ജനപ്രീതി നേടിയിരുന്നു. ചിത്രത്തിന്റെ ഒന്നാംഭാഗം ഇറങ്ങിയതു മുതൽ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിൽ ആയിരുന്നു ആരാധകർ. രണ്ടാം ഭാഗത്തിൽ പ്രധാനമായും റോക്കിയും അധീരയും തമ്മിലുള്ള ഏറ്റുമുട്ടലും രമിക സെന്നും ഇനായത്ത് ഖലീലും സൃഷ്ടിക്കുന്ന സംഭവവികാസങ്ങളും ആയിരിക്കും പ്രമേയമാകുക. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കെ ജി എഫ് ചാപ്റ്റർ ടുവിന്റെ റിലീസ് പലതവണ മാറ്റിയിരുന്നു. ഏതായാലും ഏപ്രിൽ 14ന് ചിത്രം തിയറ്ററുകളിൽ എത്തും.
പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് കേരളത്തിൽ കെ ജി എഫ് ചാപ്റ്റർ ടു വിതരണത്തിന് ഏറ്റെടുത്തിരിക്കുന്നത്. പ്രിവ്യൂ കണ്ടതിനു ശേഷം സിനിമ അത്ഭുതപ്പെടുത്തുന്നതാണെന്ന് ആയിരുന്നു പൃഥ്വിരാജിന്റെ റിവ്യൂ. രണ്ടാം ഭാഗത്തിൽ ബോളിവുഡ് താരം സഞ്ജയ് ദത്ത് ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. അധീര എന്ന വില്ലൻ കഥാപാത്രമായാണ് സഞ്ജയ് ദത്ത് എത്തുന്നത്. പ്രശാന്ത് നീൽ ആണ് ചിത്രത്തിന്റെ സംവിധായകൻ. ഹൊംബാല ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ഡൂരാണ് ചിത്രം നിര്‍മിക്കുന്നത്. രവീണ ടണ്ടെന്‍, ശ്രീനിധി ഷെട്ടി, മാളവിക അവിനാഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.