എന്നും പുതുമകൾ കൊതിക്കുന്ന മലയാളി പ്രേക്ഷകർക്ക് ഏറെ പുതുമ പകർന്ന പേരാണ് ഗാംബിനോസ്. എന്താണ് ആ പേരിന്റെ അർത്ഥം? അതും ഈ സിനിമയും തമ്മിൽ എന്ത് ബന്ധം എന്നിങ്ങനെ നിരവധിയായ പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിക്കൊണ്ട് തന്നെയാണ് ചിത്രം തുടങ്ങുന്നത്. ന്യൂയോർക്കിലെ കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്തുന്ന ഒരു ഫാമിലിയാണ് ഗാംബിനോസ്. അത്തരത്തിൽ ഉള്ളൊരു ഫാമിലിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ഭരണകൂടത്തെയും പോലീസിനെയും നിരന്തരം വെല്ലുവിളി സൃഷ്ടിച്ചുകൊണ്ടിരുന്ന ഒരു കുടുംബത്തിന്റെ കഥ. നവാഗതനായ ഗിരീഷ് പണിക്കരാണ് ചിത്രത്തിന്റെ സംവിധാനം. സക്കീർ മഠത്തിൽ തിരക്കഥ ഒരുക്കിയിരിക്കുന്നു.
കൊടും കുറ്റവാളികളും മയക്കുമരുന്നിന് അടിമപ്പെട്ടവരുമായ നാലു സഹോദരങ്ങളും അവരെ പോലീസിൽ നിന്നും ഭരണകൂടത്തിൽ നിന്നും നിരന്തരം സംരക്ഷിച്ചു പോരുന്ന അവരുടെ അമ്മയുടെയും കഥയാണ് ഗാംബിനോസ് പറയുന്നത്. അവരുടെ ജീവിതത്തിലേക്ക് മുസ്തഫ എന്നൊരു യുവാവ് കടന്ന് വരുന്നത് മുതലുള്ള സംഭവങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്. സ്റ്റൈലിഷ് പോലീസ് ഓഫീസറായി സിജോയ് വർഗീസും എത്തുന്നു. ടുത്തു പറയേണ്ടത് രാധിക ശരത്കുമാറിന്റെ പ്രകടനമാണ്. തന്റെ കഥാപാത്രത്തെ പ്രേക്ഷകരുടെ ഹൃദയത്തിൽ എത്തിക്കാൻ ഈ നടിയുടെ ഗംഭീര പ്രകടനത്തിന് സാധിച്ചിട്ടുണ്ട്. സമ്പത്ത്, ശ്രീജിത് രവി, നീരജ, സിജോയ് വർഗീസ്, മുസ്തഫ, സാലു കെ. ജോർജ് എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ ഏറ്റവും നല്ല രീതിയിൽ തന്നെ വെള്ളിത്തിരയിലെത്തിച്ചു. എന്നാൽ പോലും സ്റ്റൈലിഷ് ആയൊരു പേരിനോട് നീതി പുലർത്തുവാൻ ചിത്രത്തിന്റെ തിരക്കഥക്ക് സാധിച്ചുവോ എന്നത് സംശയം ഉണർത്തുന്ന ഒരു ചോദ്യമാണ്.