പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിവാഹമാണ് തെന്നിന്ത്യന്‍ താരം നയന്‍താരയുടേയും സംവിധായകന് വിഘ്നേഷ് ശിവന്റേയും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ക്ഷണിക്കാന്‍ ഇരുവരും എത്തിയത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഇവരുടെ വിവാഹം സിനിമാ സ്റ്റൈലിലെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. സംവിധായകന് ഗൗതം മേനോന് ആയിരിക്കും വിവാഹ ചടങ്ങുകള്‍ സംവിധാനം ചെയ്യുക.
ജൂണ്‍ 9നാണ് നയന്‍സ്-വിഘ്നേഷ് വിവാഹം. മഹാബലിപുരത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഹിന്ദു ആചാരപ്രകാരമായിരിക്കും വിവാഹം നടക്കുക. വിവാഹം സ്ട്രീം ചെയ്യുന്നതിനുള്ള അവകാശം ഒരു സ്വകാര്യ ഒടിടി പ്ലാറ്റ്ഫോമിന് നല്‍കിയിരിക്കുകയാണ്. റെക്കോര്‍ഡ് തുകയ്ക്കാണ് ഒടിടി പ്ലാറ്റ്ഫോം അവകാശം സ്വന്തമാക്കിയത്. തെന്നിന്ത്യന്‍ സിനിമാ- രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ക്കായി ജൂണ്‍ 8ന് റിസപ്ഷന് സംഘടിപ്പിക്കുന്നുണ്ട്. രജനികാന്ത്, കമല്‍ ഹാസന്, വിജയ്, അജിത്ത് സൂര്യ, കാര്‍ത്തി, ശിവകാര്ത്തിയേകന് വിജയ് സേതുപടി തുടങ്ങി 30 ല്‍അധികം താരങ്ങള്‍ക്ക് ഇതിനോടകം ക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ആറ് വര്‍ഷങ്ങളായി പ്രണയത്തിലാണ് ഇരുവരും. കഴിഞ്ഞ വര്‍ഷം വിവാഹ നിശ്ചയവും നടന്നിരുന്നു. അഭിനയം കൂടാതെ വിഘ്നേഷിനൊപ്പം ചേര്‍ന്ന് നിര്‍മാണ രംഗത്തും സജീവമാണ് നയന്‍താര. ഷാരൂഖ് നായകനാകുന്ന ആറ്റ്ലി ചിത്രം ജവാനാണ് നയന്‍താര നിലവില്‍ അഭിനയിക്കുന്ന ചിത്രം.