കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന, മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ഇന്ത്യൻ സിനിമയിലെ മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രം നൂറു കോടി ബഡ്ജറ്റിൽ ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺ ഷോട്ട് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഡിസംബർ രണ്ടിന് ലോകം മുഴുവൻ, അൻപതോളം രാജ്യങ്ങളിൽ, അഞ്ചു ഭാഷകളിൽ ആയാണ് ഈ ചിത്രം റിലീസ് ചയ്യാൻ പോകുന്നത്. വലിയ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിൽ അഭിനയിച്ച പ്രശസ്ത നടൻ മാമുക്കോയ പറയുന്ന വാക്കുകൾ ശ്രദ്ധേയമാണ്.
മരക്കാർ എന്ന ചിത്രം മലയാള സിനിമയിലെ ഒരു ചരിത്ര സംഭവമാണ് എന്നും, മോഹൻലാൽ- പ്രിയദർശൻ ടീം ഒരുക്കിയ ഈ ചിത്രത്തിന്റെ ഭാഗമാകാൻ സാധിച്ചത് അഭിനയ ജീവിതത്തിലെ ഒരു വലിയ ഭാഗ്യം തന്നെയാണ് എന്നും മാമുക്കോയ പറയുന്നു. വളരെ അപൂർവമായാണ് ഇത്തരം ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ അഭിനയിക്കാൻ സാധിക്കുന്നത് എന്നും അതാണ് മരക്കാർ എന്ന ചിത്രത്തിലെ അവസരത്തേയും വേറിട്ട് നിർത്തുന്നത് എന്നാണ് മാമുക്കോയ പറയുന്നത്. ഇതൊരു മികച്ച ചിത്രം ആണെന്നും ഇതൊരു വലിയ വിജയം നേടാൻ പ്രാർഥിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അബൂബക്കർ ഹാജി എന്ന കഥാപാത്രമായാണ് മാമുക്കോയ ഇതിൽ അഭിനയിക്കുന്നത്.
മോഹൻലാൽ, മാമുക്കോയ എന്നിവർക്കൊപ്പം പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, അർജുൻ സർജ, സുനിൽ ഷെട്ടി, പ്രഭു, അശോക് സെൽവൻ, കീർത്തി സുരേഷ്, മഞ്ജു വാര്യർ, നെടുമുടി വേണു, മുകേഷ്, ബാബുരാജ്, സുഹാസിനി, ഹരീഷ് പേരാടി, ഗണേഷ് കുമാർ, സന്തോഷ് കീഴാറ്റൂർ, ഇന്നസെന്റ്, മണിക്കുട്ടൻ, നന്ദു എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. രാഹുൽ രാജ് പശ്ചാത്തല സംഗീതമൊരുക്കിയ ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് തിരുവും ഗാനങ്ങൾ ഒരുക്കിയത് റോണി റാഫെലുമാണ്. അയ്യപ്പൻ നായരാണ് ഈ ചിത്രത്തിന്റെ എഡിറ്റർ.