നടനും രാജ്യസഭാ എം പിയുമായ സുരേഷ് ഗോപിയെ സോഷ്യൽ മീഡിയയിൽ പരിഹസിക്കാൻ ശ്രമിച്ചയാൾക്ക് മാസ് മറുപടി നൽകി സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ്. പുതിയ സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന സുരേഷ് ഗോപി ഇപ്പോൾ വെള്ള താടിയോടു കൂടിയ ഗെറ്റപ്പിലാണ് നടക്കുന്നത്. രാജ്യസഭയിൽ വെച്ച് രാജ്യസഭ അധ്യക്ഷൻ വരെ താടിയെക്കുറിച്ച് ചോദിച്ചിരുന്നു. അപ്പോൾ പുതിയ സിനിമയ്ക്കു വേണ്ടിയാണ് തന്റെ താടിയെന്ന് അദ്ദേഹം മറുപടിയും നൽകിയിരുന്നു. സോഷ്യൽ മീഡിയയിൽ ഇത് വളരെ വൈറലാകുകയും ചെയ്തിരുന്നു.
ഈ ഗെറ്റപ്പിലുള്ള സുരേഷ് ഗോപിയുടെ ചിത്രത്തിന് ഒപ്പം സിംഹവാലൻ കുരങ്ങന്റെ മുഖവും കൂടി ചേർത്തു വെച്ചുള്ള ഒരു ഫോട്ടോ പ്രചരിപ്പിച്ചത്. രണ്ടു ഫോട്ടോസും ചേർത്തു വെച്ച്, ‘ഈ ചിത്രത്തിൽ രണ്ട് വ്യത്യാസങ്ങൾ ഉണ്ട്, കണ്ട് പിടിക്കാമോ’ – എന്നായിരുന്നു ചോദ്യം. ഇതിനാണ് ഗോകുൽ സുരേഷ് മറുപടിയുമായി എത്തിയത്. ‘രണ്ടു വ്യത്യാസം ഉണ്ട്, ലെഫ്റ്റിൽ നിന്റെ തന്തയും റൈറ്റിൽ എന്റെ തന്തയും’- എന്ന മറുപടിയാണ് ഗോകുൽ സുരേഷ് നൽകിയത്.
മുദ്ദുഗൗ എന്ന റൊമാന്റിക് കോമഡി സിനിമയിലാണ് ഗോകുൽ സുരേഷ് ആദ്യമായി അഭിനയിച്ചത്. 2016ലായിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്. മമ്മൂട്ടി നായകനായി എത്തിയ മാസ്റ്റർ പീസ് എന്ന ചിത്രത്തിലും ഒരു പ്രധാന വേഷത്തിൽ ഗോകുൽ എത്തി. 2018ൽ പുറത്തിറങ്ങിയ ഇര എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദനൊപ്പം പ്രധാന വേഷത്തിൽ എത്തിയ ഗോകുൽ 2019ൽ പ്രണവ് മോഹൻലാൽ നായകനായി എത്തിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുകയും ചെയ്തു. സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന പാപ്പൻ എന്ന സിനിമയിലും ഒരു പ്രധാന വേഷത്തിൽ ഗോകുൽ സുരേഷ് അഭിനയിക്കുന്നുണ്ട്.