തുറമുഖം സിനിമയിലെ കലാസംവിധാനത്തിന് കൈയടി സ്വന്തമാക്കി ഗോകുൽദാസ്. മികച്ച കലാസംവിധായകനുള്ള 2021 കേരള ചലച്ചിത്ര അക്കാദമി അവാർഡ് കരസ്ഥമാക്കിയ ചിത്രമാണ് തുറമുഖം. അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട രാജീവ് രവിയുടെ കമ്മട്ടിപ്പാടത്തിനു സെറ്റ് ഒരുക്കിയ ഗോകുൽദാസ് ആയിരുന്നു. ഗോകുൽദാസ് ആണ് രാജീവ് രവി തന്നെ ക്യാമറയും സംവിധാനവും നിർവ്വഹിക്കുന്ന തുറമുഖത്തിനും കലാസംവിധാനം ഒരുക്കുന്നത്. കമ്മട്ടിപ്പാടത്തിനും ഗോകുൽദാസിന് മികച്ച കലാസംവിധാനത്തിനുള്ള പുരസ്കാരം നാഗരാജിന്റെ കൂടെ ലഭിച്ചിരുന്നു.
പീരിയോഡിക്കൽ സിനിമ ചെയ്യുന്നതിൽ അല്ലെങ്കിൽ അതിന്റെ സെറ്റ് അണിയിച്ചൊരുക്കുന്നതിൽ കഴിവ് തെളിയിച്ചയാളാണ് ഗോകുൽദാസ്. അതുകൊണ്ടുതന്നെ ഇന്ത്യൻ സിനിമകളിൽ വിശിഷ്യാ മലയാള ചലച്ചിത്ര ലോകത്തെ ശ്രദ്ധേയനാണ് ഗോകുൽ ദാസ്. പുതിയ തലമുറയോട് കുറച്ചു പഴയ ഒരു കാലത്തെ കഥ പറയുമ്പോൾ വളരെ പ്രധാനമാണ് അതിന്റെ പശ്ചാത്തലം ഒരുക്കുക എന്നത്. അതിനു സമയമെടുത്തുള്ള ഗവേഷണവും ചരിത്രം മനസ്സിലാക്കാനുള്ള വിവേകവും മുഖ്യമാണ്. തൃശൂർ ഗവൺമെന്റ് കോളേജ് ഓഫ് ഫൈൻ ആർട്സിൽ നിന്ന് ഫൈൻ ആർട്സ് ബിരുദം പൂർത്തിയാക്കിയ ശേഷം, പ്രശസ്ത കലാസംവിധായകരായ സാബു സിറിൽ , സുനിൽ ബാബുഎന്നിവർക്കൊപ്പം സഹ കലാസംവിധായകനായി ജോലി ചെയ്തു. തുടർന്ന് സായാഹ്നം എന്ന ചിത്രത്തിൽ കലാസംവിധാനം ചെയ്തുകൊണ്ടായിരുന്നു സ്വതന്ത്ര കലാസംവിധായകൻ എന്ന രീതിയിൽ ഗോകുൽദാസിന്റെ തുടക്കം. അതിനു തന്നെ 2000 ലെ മികച്ച കലാസംവിധാനത്തിനുള്ള തന്റെ ആദ്യ കേരള സംസ്ഥാന അവാർഡ് ഗോകുൽ കരസ്ഥമാക്കി.
പിന്നീട് എല്ലാ വർഷവും ഒന്നും രണ്ടും മൂന്നും ചലചിത്രങ്ങൾക്കു കലാസംവിധാനം നിർവ്വഹിച്ചു. ഇക്കാലയളവിൽ അറുപത്തഞ്ചോളം സിനിമകൾ ചെയ്തു. 2000, 2006, 2016 തുടങ്ങിയ വർഷങ്ങളിൽ മികച്ച കലാസംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ഗോപൻ ചിദംബരൻ രചിച്ചു, രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം ഗോകുൽദാസിന്റെ കലാസംവിധാന രംഗത്തെ പ്രധാന ഒരു ചിത്രമായിരിക്കും. കാരണം ഓർമ്മയിൽ നിന്നുപോലും പോയ് മറഞ്ഞ ഒരു കാലത്തെയാണ് ഗോകുൽദാസ് തന്റെ കലാസംവിധാനത്തിലൂടെ തുറമുഖത്തിൽ വീണ്ടെടുക്കുന്നത്. സുകുമാർ തെക്കേപ്പാട്ടും ജോസ് തോമസും ചേർന്നാണ്തുറമുഖം ചിത്രം നിർമ്മിച്ചിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ ആണ് തുറമുഖം തീയറ്ററിൽ എത്തിക്കുന്നത്.