വിനീത് ശ്രീനിവാസൻ എന്ന പേര് മലയാളി പ്രേക്ഷകർക്ക് നൽകുന്നൊരു മിനിമം ഗ്യാരണ്ടിയുണ്ട്. അത് ഒരിക്കലും അസ്ഥാനത്ത് ആകാറില്ല താനും. അത് വീണ്ടും തെളിയിച്ചിരിക്കുന്ന ചിത്രമാണ് ആനന്ദത്തിന് ശേഷം വിനീത് ശ്രീനിവാസൻ നിർമാതാവായിരിക്കുന്ന ഹെലൻ. അദ്ദേഹം കൈ പിടിച്ചുയർത്തുന്നവരും മോശമായിരിക്കില്ല എന്നതും ശ്രദ്ധേയമാണ്. അങ്ങനെ മലയാളത്തിന് ഒരു സംവിധായകനെ കൂടി വിനീത് ശ്രീനിവാസൻ സമ്മാനിച്ചിരിക്കുകയാണ്. മാത്തുക്കുട്ടി സേവ്യർ എന്ന ഈ സംവിധായകൻ വ്യത്യസ്ഥമായ ചിത്രങ്ങൾ കൊണ്ട് ഇനിയും പ്രേക്ഷകർക്ക് മികച്ചൊരു വിരുന്ന് സമ്മാനിക്കുവാൻ ഇവിടെ തന്നെയുണ്ടാകും എന്നുള്ളതിനുള്ള തെളിവാണ് ഹെലൻ. ഒരു പക്കാ സർവൈവൽ ത്രില്ലറായ ചിത്രം പ്രേക്ഷകർക്കായി പലതും പറഞ്ഞു വെക്കുന്നുമുണ്ട്.
നഴ്സിങ്ങും ഐ ഇ എൽ ടി എസും പാസായി കാനഡക്ക് പോയി ജീവിതം കരുപിടിപ്പിക്കുവാൻ നോക്കുന്ന നിരവധി മലയാളികളുടെ ഒരു പ്രതിനിധി തന്നെയാണ് 25 വയസുള്ള ഹെലൻ എന്ന പെൺകുട്ടി. അച്ഛനല്ലാതെ ആരും ഹെലനില്ല. അച്ഛന്റെ കാര്യങ്ങളും വീട്ടിലെ കാര്യങ്ങളും നോക്കി നടത്തുന്ന സ്വതന്ത്രമായ ചിന്താഗതികളുള്ള പക്വതയാർന്ന ഹെലൻ ചിക്കൻ ഹബ് എന്ന ഫാസ്റ്റ് ഫുഡ് സെന്ററിൽ പാർട്ട് ടൈം ജോലി നോക്കുകയാണ്. അപ്രതീക്ഷിതമായി ഒരു അപകടത്തിൽ ഹെലൻ അകപ്പെടുന്നതോട് കൂടിയാണ് ചിത്രം ഒരു പക്കാ സർവൈവൽ ത്രില്ലറിലേക്ക് മാറുന്നത്. ഒരു മിസ്സിംഗ് കേസിനൊപ്പം സമൂഹത്തിനെ ഓർമ്മപ്പെടുത്തുന്ന പല കാര്യങ്ങളും ചിത്രം ചെയ്യുന്നുണ്ട്. കുടുംബങ്ങളിലെ അവസ്ഥയോടൊപ്പം തന്നെ ബന്ധങ്ങളുടെ ഒരു വിചിന്തനം കൂടി അതിജീവനത്തിന്റെ ഹെലനിൽ പറയുന്നുണ്ട്. അച്ഛൻ – മകൾ ബന്ധം, പ്രണയം, സൗഹൃദങ്ങൾ അങ്ങനെ നിരവധി ബന്ധങ്ങളിലൂടെ കൂടിയും ചിത്രം കടന്നുപോകുന്നു.
കുമ്പളങ്ങി നൈറ്റ്സ് എന്ന ഒറ്റച്ചിത്രം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇടം പിടിച്ച അന്ന ബെനിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. ഈ ഒരു ചിത്രത്തിനായി നായികയടക്കം ഏവരും നല്ല കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്ന കാര്യത്തിൽ ഒട്ടും സംശയമില്ല. അതിന്റെ റിസൾട്ട് തന്നെയാണ് തീയറ്ററുകളിൽ ലഭിക്കുന്ന റിപ്പോർട്ടുകളും. അതിജീവനത്തിന്റെ രംഗങ്ങളിലും ലാലുമൊത്തുള്ള അച്ഛൻ – മകൾ കോംബോ രംഗങ്ങളിലും മികച്ച പ്രകടനമാണ് അന്ന ബെൻ കാഴ്ച വെച്ചിരിക്കുന്നത്. പോൾ എന്ന അച്ഛൻ കഥാപാത്രത്തെ മനോഹരമായി അവതരിപ്പിക്കുവാൻ ലാലിനും സാധിച്ചിട്ടുണ്ട്. നവാഗതനായ നോബിളും തന്റെ റോൾ മനോഹരമാക്കി. പക്ഷേ അതിലേറെ ഞെട്ടിച്ചത് എന്നും ചിരിപ്പിച്ച് മാത്രം കണ്ടിട്ടുള്ള അജു വർഗീസിന്റെ രതീഷ് കുമാർ എന്ന പോലീസ് ഓഫീസറാണ്. ഇത്തരത്തിൽ ഉള്ള റോളുകളും ഇനി അജു വർഗീസിനെ തേടിയെത്തട്ടെ എന്നാണ് കണ്ടിറങ്ങിയ പ്രേക്ഷകരും ആഗ്രഹിക്കുന്നത്. അത് വിജയിപ്പിക്കുവാൻ അദ്ദേഹത്തിന് സാധിക്കുമെന്നതിന് ഹെലൻ തന്നെ തെളിയിക്കുന്നു. ഡോ. റോണി ഡേവിഡ് രാജു, ബിനു പപ്പു എന്നിവരും അവരുടെ സാന്നിധ്യം മനോഹരമായി പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിക്കുന്നതിൽ വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്.
പ്രേക്ഷകനെ കഥാപാത്രത്തിനൊപ്പം തന്നെ ആകാംക്ഷയുടെ നിമിഷങ്ങളിൽ പിടിച്ചിരുത്തുക എന്നത് ഏറെ വെല്ലുവിളി ഉണർത്തുന്ന ഒന്നാണ്. അതിന് ഏറ്റവും സഹായകരമാകുന്നത് തിരക്കഥ തന്നെയാണ്. ആൽഫ്രഡ് കുര്യൻ ജോസഫ്, നോബിൾ ബാബു തോമസ്, സംവിധായകൻ മാത്തുക്കുട്ടി സേവ്യർ എന്നിവർ ചേർന്ന് ഒരുക്കിയ തിരക്കഥ ചിത്രത്തിന്റെ ആസ്വാദനത്തിൽ പ്രേക്ഷകരെ പിന്തുണച്ചത് ചെറുതായിട്ടൊന്നുമല്ല. ആനന്ദ് സി ചന്ദ്രന്റെ ഛായാഗ്രഹണവും ഷാൻ റഹ്മാന്റെ സംഗീതവും ചിത്രത്തെ കൂടുതൽ ആസ്വാദ്യകരമാക്കി. ഷമീർ മുഹമ്മദിന്റെ എഡിറ്റിംഗും മികച്ച് നിന്നു. ഒരു സർവൈവൽ ത്രില്ലർ ആയിരുന്നിട്ട് കൂടി മികവാർന്നൊരു ഫീൽ ഗുഡ് ചിത്രത്തിന്റെ സൗന്ദര്യം കൂടി ഹെലനിലുണ്ട്. മടിക്കാതെ ടിക്കറ്റ് എടുക്കാം ഈ ചിത്രത്തിന്.