മലയാളസിനിയിലെ പ്രിയനടി ഉർവശിക്കൊപ്പം പുതു തലമുറയിലെ യുവ നടിമാരും ഒരുമിക്കുന്ന സിനിമയായ ‘ഹെർ’ ചിത്രീകരണം ആരംഭിച്ചു. ഉർവശിക്കൊപ്പം ഐശ്വര്യ രാജേഷ്, പാർവതി തിരുവോത്ത്, ലിജോമോൾ ജോസ്, രമ്യ നമ്പീശൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പൂജ വഴുതക്കാട് കാർമ്മൽ ദേവാലയത്തിൽ വെച്ചാണ് നടന്നത്. ഐ ബി സതീഷ് എം എൽ എ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. പ്രശസ്ത നിർമാതാവ് ജി സുരേഷ് കുമാർ ആണ് ചിത്രത്തിന് ആദ്യ ക്ലാപ്പടിച്ചത്. എ ടി സ്റ്റുഡിയോയുടെ ബാനറിൽ അനീഷ് എം തോമസ് ആണ് ചിത്രത്തിന്റെ നിർമ്മാതാവ്.
ചിത്രത്തിന്റെ പൂജ ചടങ്ങിൽ ജി സുരേഷ് കുമാർ, മേനക, പാർവതി, ലെജിൻ, അർച്ചന, ചന്ദ്രു, ചിത്രത്തിന്റെ നിർമാതാവ് അനീഷ്, ജി എസ് വിജയൻ, കലിയൂർ ശശി, സന്ദീപ് സേനൻ, നിർമാതാവിന്റെ കുടുംബാംഗങ്ങൾ എന്നിവർ തിരി തെളിച്ചു. ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിലുള്ള അഞ്ച് സ്ത്രീകളുടെ കഥകൾ ഉൾക്കൊള്ളുന്ന ‘ഹേർ’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലിജിൻ ജോസ് ആണ്. അർച്ചന വാസുദേവ് ആണ് ചിത്രത്തിന്റെ തിരക്കഥ. ഉർവ്വശി, ഐശ്വര്യ രാജേഷ്, പാർവതി തിരുവോത്ത്, ലിജോമോൾ ജോസ്, രമ്യ നമ്പീശൻ എന്നിവർക്ക് ഒപ്പം പ്രതാപ് പോത്തൻ, ഗുരു സോമസുന്ദരം, രാജേഷ് മാധവൻ എന്നിവരും ചിത്രത്തിലെ പ്രധാനവേഷങ്ങളിൽ എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്.
‘തൊണ്ടിമുതലും ദൃക്സാക്ഷിയും’, ‘നീ കോ ഞാ ചാ’, ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ?’ തുടങ്ങി നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിൽ സഹനിർമാതാവായി ഭാഗമായ അനീഷ് എം തോമസിന്റെ ആദ്യത്തെ സ്വതന്ത്ര പ്രൊജക്റ്റാണ് ‘ഹേർ’. ഫഹദ് ഫാസിൽ നായകനായ ‘ഫ്രൈഡേ’, ‘ലോ പോയിന്റ്’ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തതിനു ശേഷം ആണ് ലിജിൻ ഹേർ ഒരുക്കുന്നത്. നേരത്തെ, ‘81/2 ഇന്റർകട്ട്സ്: ലൈഫ് ആൻഡ് ഫിലിംസ് ഓഫ് കെ ജി ജോർജ’ എന്ന ഡോക്യുമെന്ററിയും ലിജിൻ സംവിധാനം ചെയ്തിട്ടുണ്ട്. മൂന്നാമത്തെ ചിത്രമായ ‘ചേര’യുടെ ചിത്രീകരണം പൂർത്തിയായി വരികയാണ്. തിരക്കഥാകൃത്ത് ആയ അർച്ചന വാസുദേവ് ഇന്ത്യ ഫിലിം പ്രോജക്റ്റിനായി ‘ആത്മനിർഭർ’ എന്ന ഹ്രസ്വചിത്രം എഴുതിയിട്ടുണ്ട്.
ചന്ദ്രു സെൽവരാജ് – ഛായാഗ്രഹണം, കിരൺ ദാസ് – എഡിറ്റിങ്ങ്, ഗോവിന്ദ് വസന്ത – സംഗീതം, സൗണ്ട് ഡിസൈൻ – രാജ കൃഷ്ണൻ, സമീറ സനീഷ് – വസ്ത്രാലങ്കാരം, ഹംസ – കലാ സംവിധാനം. ഷിബു ജി സുശീലനാണ് പ്രൊഡക്ഷൻ കൺട്രോളർ.