വനിതാദിനത്തിൽ വനിതകൾക്കായി മാത്രം ഒരു പാട്ടുമായി എത്തിയിരിക്കുകയാണ് ഹെർ സ്റ്റോറി അണിയറപ്രവർത്തകർ. ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ഹെർ എന്ന സിനിമയിലെ ഉലകിനുലകു തോറും എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് അണിയറപ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്. ശക്തരായ സ്ത്രീ കഥാപാത്രങ്ങളുടെ സാന്നിധ്യം കൊണ്ടു തന്നെ മനോഹരമാണ് ഈ ഗാനം. ഹെർ സ്റ്റോറി എന്ന ടൈറ്റിലോടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.
എ റ്റി സ്റ്റുഡിയോസിന്റെ ബാനറിൽ അനീഷ് തോമസ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലിജിൻ ജോസ് ആണ്. അൻവർ അലിയുടെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് ഈണം നൽകിയിരിക്കുന്നത്. സയനോര ഫിലിപ്പ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഉർവശി, പാർവതി തിരുവോത്ത്, രമ്യ നമ്പീശൻ, ഐശ്വര്യ രാജേഷ്, ലിജോമോൾ, ഗുരു സോമസുന്ദരം, പ്രതാപ് പോത്തൻ, റോണി ഡേവിഡ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അഭിനേതാക്കളായി എത്തുന്നത്.
സ്ത്രീകഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിലെ ആദ്യഗാനം റിലീസ് ചെയ്യാൻ അന്താരാഷ്ട്ര വനിതാദിനം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു അണിയറപ്രവർത്തകർ. അർച്ചന വാസുദേവിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. ഛായാഗ്രഹണം – ചന്ദ്രു സെൽവരാജ്. കലാസംവിധാനം -എം എം ഹംസ. നിർമ്മാണ നിർവ്വഹണം – ഷിബു ജി സുശീലൻ. ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. വാഴൂർ ജോസ് ആണ് പി ആർ ഒ.