പുതുമ നിറഞ്ഞ ദൃശ്യാനുഭവമാണ് കഴിഞ്ഞ ദിവസം റിലീസായ ‘ഹയ’ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. ഇരുപത്തിനാലോളം പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രം സമകാലീന സമൂഹം ചര്‍ച്ച ചെയ്യേണ്ട വിഷയമാണ് പറഞ്ഞുവയ്ക്കുന്നത്. യുവത്വത്തേയും കുടുംബപ്രേക്ഷകരേയും ഒരുപോലെ ആകര്‍ഷിക്കുന്ന ചിത്രം പ്രേക്ഷക പ്രശംസനേടി മുന്നേറുകയാണ്.
എഞ്ചിനീയറിംഗ് ബിരുദ വിദ്യാര്‍ഥിയായ വിവേകിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. വിവേകിന്റെ പിതാവ് നന്ദഗോപന് മുന്‍ സൈനികനാണ്. അമ്മ ശാലിനി ഹൗസ് വൈഫ്. ബംഗളൂരുവിലായിരുന്ന വിവേകിന്റെ കുടുംബം പിന്നീട് കൊച്ചിയിലേക്ക് താമസം മാറ്റുന്നു. വിവേകിന് കൊച്ചിയില്‍ അഡ്മിഷനും ശരിയാക്കുന്നു. ‘വിവേകി’ന്റെ സ്വഭാവത്തില്‍ ഒരു നിഗൂഢത കലര്‍ത്തിയാണ് തുടക്കത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. പുറമേ ശാന്തനെങ്കിലും കലങ്ങി മറിയുന്ന എന്തോ ഒരു ഭൂതകാലം വിവേകിനുണ്ടെന്ന് നന്ദഗോപന്റെയും ശാലിനിയുടേയും സംഭാഷണങ്ങളില്‍ നിന്ന് വ്യക്തമാണ്. കൊച്ചിയില്‍ കോളജില്‍ ചേരുന്നതോടെ വിവേകിന്റെ ജീവിതം ആകെ മാറുകയാണ്.
പുതിയ തലമുറയുടെ തിന്മ നന്മകള് ചിത്രത്തില്‍ പരിശോധിക്കുന്നുണ്ട്. പരാജയം അംഗീകരിക്കാന്‍ തയ്യാറാവാത്ത യുവ തലമുറയുടെ മനസിനെ വെളിപ്പെടുത്തുന്നുണ്ട് ചിത്രത്തില്‍. സൗഹൃദങ്ങളുടെ രസക്കാഴ്ചകളെ അടയാളപ്പെടുത്തുകയും ചെയ്യുന്നു ‘ഹയ’. പ്രണയം നിഷേധിക്കപ്പെടുമ്പോള്‍ അത് പകയായി വളരാതിരിക്കാനുള്ള കരുതലായി മാറാനുള്ള ശ്രമമാണ് ‘ഹയ’യുടെ സാമൂഹൃ ദൗത്യം.
വാസുദേവ് സനലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മനേജ് ഭാരതിയുടേതാണ് തിരക്കഥ. പുതുമുഖമായ ഭരതാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ബിരുദ വിദ്യാര്‍ത്ഥിനിയായി ചൈതന്യ പ്രകാശും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചിരിക്കുന്നു. വിവേകിന്റെ പിതാവായി എത്തി ഗുരു സോമസുന്ദരം വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ഗുരു സോമസുന്ദരത്തിന്റെ ജോഡിയായി ‘ശാലിനി’യുടെ വേഷത്തില്‍ ശ്രീധന്യയും മികവ് കാട്ടി. ജോണി ആന്റണി, ശ്രീകാന്ത് മുരളി, സംവിധായകന് ലാല്‍ ജോസ്, ലയ സിംപ്സണ് തുടങ്ങിയവരും അവരവരുടെ വേഷങ്ങള്‍ മനോഹരമാക്കിയിട്ടുണ്ട്.