ദുല്‍ഖര്‍ സല്മാന് ചിത്രം ഒരു യമണ്ടന്‍ പ്രേമകഥയ്ക്ക് ശേഷം നൗഫല്‍ സംവിധാനം ചെയ്ത മൈ നെയിം ഈസ് അഴകന് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ടെലിവിഷന്‍ കോമഡി പ്രോഗ്രാമിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ ബിനു തൃക്കാക്കരയാണ് നായകന്. റിലീസിന് മുന്നോടിയായി പുറത്തിറക്കിയ ടീസറുകളിലൂടെ പ്രേക്ഷകരില്‍ ചിരി പടര്‍ത്തിയിരുന്നു മൈ നെയിം ഈസ് അഴകന്. കോമഡി ചിത്രം പ്രതീക്ഷിച്ചു പോകുന്ന പ്രേക്ഷകരോട് പൂര്‍ണമായും നീതി പുലര്‍ത്താന്‍ അഴകന് സാധിച്ചിട്ടുണ്ടെന്ന് വേണം പറയാന്‍. കോമഡി ചിത്രം എന്നതിലുപരി ഒരു മനോഹര കുടുംബ ചിത്രം കൂടിയാണ് മൈ നെയിം ഈസ് അഴകന്.
നമുക്ക് സുപരിചിതമാ കഥാപരിസരമാണ് അഴകന്റേത്. നമ്മളില്‍ ഒരാളായ നമ്മളുടെ സുഹൃത്തുക്കളില്‍ ഒരാളായ അഴകനെ കാണുവാന്‍ സാധിക്കും. ശരാശരിയിലും താഴെയുള്ള ഒരു സാധാരണ കുടുംബത്തിലെ കര്‍ക്കശക്കാരനായ അച്ഛന്റെ മകനാണ് അഴകന്. അറിയപ്പെടുന്ന ഒരു മിമിക്രി കലാകാരന് ആകുവാനുള്ള അഴകന്റെ ശ്രമത്തിനിടെ അവിചാരിതമായി വിവാഹം നടക്കുകയും ഭാര്യയായി ദിവ്യ ജീവിതത്തിലേക്ക് കടന്നുവരുന്നതും തുടര്‍ന്നുള്ള രസകരമായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. പ്രേക്ഷകര്‍ ഏറെ കണ്ടും കേട്ടും ശീലിച്ച കഥയും കഥാപാത്രങ്ങളും സംഭാഷണങ്ങളുമാണ് ചിത്രത്തില്‍. നമ്മളിലൊരാള്‍ തന്നെയാണ് അഴകനെന്ന് തോന്നിപ്പിക്കും വിധമാണ് ചിത്രത്തിന്റെ കഥപറച്ചില്‍.
ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ബിനു തൃക്കാക്കര നായകനായി എത്തുന്നത്. കഥാപാത്രത്തോട് ബിനു തൃക്കാക്കര പൂര്‍ണമായും നീതി പുലര്‍ത്തിയെന്നു വേണം പറയാന്‍. ഒപ്പം ദിവ്യായി എത്തിയ ശരണ്യയും പ്രേക്ഷക കയ്യടികള്‍ നേടുന്നുണ്ട്. പതിവുപോലെതന്നെ ജാഫര്‍ ഇടുക്കിയും അതിഗംഭീരമായ പ്രകടനവും കാഴ്ചവച്ചു. ഫൈസല്‍ അലിയാണ് ചിത്രത്തിനുവേണ്ടി മനോഹരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ദീപക്, അരുണ്‍രാജ് എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയ ഗാനങ്ങളും ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. കോമഡി ഇഷ്ടപ്പെടുന്ന പ്രേക്ഷകരെ അഴകന് മടുപ്പിക്കില്ല. മൈ നെയിം ഈസ് അഴകനായി ധൈര്യമായി ടിക്കറ്റെടുക്കാം.