വലിയ ആരവങ്ങളൊന്നുമില്ലാതെ വന്ന് കുടുംബപ്രേക്ഷരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് നവാഗതനായ കിരണ്‍ ആന്റണി സംവിധാനം ചെയ്ത വിശസുദ്ധ മെജോ. റിലീസിന് മുന്‍പു തന്നെ ചിത്രത്തിലെ പാട്ടുകള്‍ പ്രേക്ഷകര്‍ നെഞ്ചേറ്റിയിരുന്നു. പ്രണയവും സൗഹൃദവും കുടുംബ ബന്ധങ്ങളുടെ ആഴവുമെല്ലാം ചിത്രം തന്മയത്വത്തോടെ അവതരിപ്പിച്ചു. ചിത്രത്തിലുടനീളം വൈപ്പിന്‍കരയും അവിടുത്തെ സാധാരണക്കാരായ ജനങ്ങളുടെ ജീവിത പശ്ചാത്തലവുമാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഈ ദ്വീപിന്റെ മനോഹാരിത ആവോളം ഒപ്പിയെടുത്തിരിക്കുന്നു വിശുദ്ധ മെജോ. തുടക്ക ചിത്രം തന്നെ കയ്യടക്കത്തോടെ സംവിധാനം ചെയ്തിരിക്കുന്ന കിരണ്‍ ആന്റണി മലയാള സിനിമയുടെ പ്രതീക്ഷയാണ്.
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, പത്രോസിന്റെ പടപ്പുകള്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഡിനോയ് പൗലോസ് ആണ് ചിത്രത്തിലെ നായക കഥാപാത്രമായ മെജോയെ അവതരിപ്പിച്ചിരിക്കുന്നത്. ഉള്‍വലിഞ്ഞ പ്രകൃതം ഉള്ള ഒരു മിഡില്‍ ക്ലാസ്സ് ചെറുപ്പക്കാരനാണ് മെജോ. അമ്മയുടെ മരണശേഷമാണ് മെജോയിലെ മാറ്റം. ചുറ്റുമുള്ള എല്ലാത്തിനേയും ഭയത്തോടെയാണ് മോജോ സമീപിക്കുന്നത്. മെജോയുടെ സുഹൃത്തായ അല്ലു ആംബ്രോസിസും ചിത്രത്തില്‍ കേന്ദ്രകഥാപാത്രമാണ്. മാത്യു തോമസാണ് അല്ലു അര്ജുന് ഫാനായ ആംബ്രോസിനെ അവതരിപ്പിച്ചിരിക്കുന്നത്. വളരെ ഹൃദയസ്പര്‍ശിയായ രീതിയില്‍ ആണ് ഇവര്‍ തമ്മിലുള്ള സൗഹൃദം അവതരിപ്പിച്ചിരിക്കുന്നത്. മേജോയുടെ ബാല്യകാല സുഹൃത്തായ ജീന ചെന്നൈയില്‍ നിന്ന് നാട്ടിലെത്തുന്നത്തോടെയാണ് കഥയുടെ ഗതിമാറുന്നത്. ലിജോ മോളാണ് ജീനയെ അവതരിപ്പിക്കുന്നത്. ജയ് ഭീമിലെ മികച്ച അഭിനയത്തിന് ശേഷം ലിജോ മോള് നായികയായി എത്തുന്ന സിനിമ എന്ന പ്രത്യേകതയും വിശുദ്ധ മെജോയ്ക്കുണ്ട്. ഇവരെ കൂടാതെ ആര്. ജെ മുരുകന്, അഭിറാം രാധാകൃഷ്ണന്, ബൈജു എഴുപുന്ന എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ജസ്റ്റിന് വര്‍ഗീസ് ആണ് വിശുദ്ധ മെജോയ്ക്ക് വേണ്ടി ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കഥയും പശ്ചാത്തലവും ആവശ്യപ്പെടുന്ന രീതിയിലുള്ള ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം തന്നെ ട്രെന്‍ഡിംഗ് ആണ്. പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെ ബാനറില്‍ ജോമോന് ടി ജോണ്‍, ഷമീര്‍ മുഹമ്മദ്, വിനോദ് ഷൊര്‍ണൂര്‍ എന്നിവര്‍ ചേര്‍ന്നാണ് വിശുദ്ധ മെജോ നിര്‍മിച്ചിരിക്കുന്നത്. ജോമോന് ടി ജോണ്‍ തന്നെയാണ് ക്യാമറ ചെയ്തിരിക്കുന്നത്. ഷമീര്‍ മുഹമ്മദ് ആണ് വിശുദ്ധ മെജോയുടെ എഡിറ്റര്‍. നമുക്ക് ചുറ്റിനുള്ള ഒരു സാധാരണക്കാരന്റെ പ്രതിനിധിയാണ് മെജോ. മെജോയുടെ പ്രണയവും സൗഹൃദയും ജീവിതവുമെല്ലാം പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ചിരിക്കുകയാണ്. രണ്ട് മണിക്കൂറാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. തീയറ്റര്‍ വിട്ടിറങ്ങുമ്പോള്‍ മെജോയും നിങ്ങളുടെ കൂടെ പോരും.