ദേശീയ പുരസ്കാര ജേതാവായ, പ്രശസ്ത നൃത്ത സംവിധായികയായ ബ്രിന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്ത ഹേ സിനാമിക എന്ന ചിത്രമാണ് ഇന്ന് ആഗോള തലത്തിൽ പ്രദർശനമാരംഭിച്ച ചിത്രങ്ങളിലൊന്ന്. പാൻ ഇന്ത്യൻ സൂപ്പർ താരം ദുൽഖർ സൽമാൻ നായക വേഷത്തിൽ എത്തിയ ഈ ചിത്രം ജിയോ സ്റ്റുഡിയോയും ഗ്ലോബൽ വൺ സ്റ്റുഡിയോയും വയാകോം മോഷൻ പിക്ചേഴ്സും ചേർന്ന് നിർമ്മിച്ച തമിഴ് ചിത്രമാണ്. ദുൽഖർ സൽമാന്റെ സ്വന്തം പ്രൊഡക്ഷൻ ബാനറായ വേഫേറർ ഫിലിംസാണ് ഈ സിനിമ കേരളത്തിൽ എത്തിച്ചിരിക്കുന്നത്. ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് പ്രശസ്ത രചയിതാവായ മദൻ കർക്കിയാണ്. അദിതി റാവു, കാജൽ അഗർവാൾ എന്നിവർ നായികാ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നത്.
ദുൽഖർ അവതരിപ്പിക്കുന്ന യാഴൻ എന്ന യുവാവ് അദിതി റാവു അവതരിപ്പിക്കുന്ന മൗന എന്ന യുവതിയെ ഒരു ബീച്ച് സൈഡ് റെസ്റ്റോറന്റിൽ വെച്ച് കണ്ടു മുട്ടുന്നു. ശേഷം ഉണ്ടാവുന്ന ഒരു മണൽക്കാറ്റിൽ നിന്ന് യാഴനെ രക്ഷിക്കുന്നതും മൗന ആണ്. അതിനു ശേഷം അവർ സുഹൃത്തുക്കൾ ആവുന്നു. ഏറെ നാളത്തെ ഡേറ്റിങ്ങിനു ശേഷം വിവാഹിതരാകുകയും ചെയ്യുന്നു. ഏറെ നാളുകൾ കടന്നു പോകുമ്പോഴും യാഴനു ജീവിതത്തിൽ ഒരു ഭർത്താവ് എന്ന നിലയിൽ സന്തോഷമാണ്. എന്നാൽ മൗന ഒരു ഭാര്യ എന്ന നിലയിൽ ഒട്ടും സന്തോഷവതിയാവുന്നില്ല. തനിക്കു വേണ്ടത്ര പരിഗണന ഭർത്താവ് തരുന്നില്ല എന്നാണ് മൗനയുടെ പരാതി. അതിനെ തുടർന്ന് കാജൽ അഗർവാൾ അവതരിപ്പിക്കുന്ന മലർവിഴി എന്ന സൈക്കോളജിസ്റ്റിന്റെ അടുത്താണ് മൗന എത്തുന്നത്. പക്ഷെ കൗൺസിലിംഗിന് പകരം തന്റെ ഭർത്താവിനെ ഡിവോഴ്സ് ചെയ്യാൻ തനിക്കു വേണ്ട കാരണം കണ്ടുപിടിച്ചു തരാനും അതിനു വേണ്ടി തന്റെ ഭർത്താവിനോട് അടുക്കാനുമാണ് മലർവഴിയോട് മൗന ആവശ്യപ്പെടുന്നത്. അവിടെ നിന്ന് ചിത്രത്തിന്റെ കഥാഗതി മാറുന്നു.
ഒട്ടേറെ രസകരമായ പ്രണയ ചിത്രങ്ങൾ നമ്മൾ തമിഴ് സിനിമയിൽ കണ്ടിട്ടുണ്ട്. അതുപോലെ തന്നെ വ്യത്യസ്തത പുലർത്തുന്ന ഒരു രസകരമായ റൊമാന്റിക് ഡ്രാമയാണ് ഹേ സിനാമിക. തന്റെ ആദ്യ ചിത്രം ആണെങ്കിലും ഒരു സംവിധായിക എന്ന നിലയിൽ തനിക്കു ലഭിച്ച തിരക്കഥയോടു പൂർണ്ണമായും നീതി പുലർത്താൻ ബ്രിന്ദ മാസ്റ്റർക്ക് കഴിഞ്ഞുവെന്ന് സംശയമില്ലാതെ തന്നെ പറയാൻ സാധിക്കും. പ്രണയവും ചിരിയും വൈകാരിക മുഹൂർത്തങ്ങളുമെല്ലാം വളരെ മനോഹരമായാണ് ഈ സംവിധായിക പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകനെ രസിപ്പിക്കുന്നതിനോടൊപ്പം ആഴമുള്ള കഥയും തീവ്രമായ കഥാ സന്ദർഭങ്ങളും നൽകുന്നതിൽ മദൻ കർക്കി എന്ന രചയിതാവും ബ്രിന്ദ എന്ന സംവിധായികയും പുലർത്തിയ മികവാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ വിജയ ഘടകം. ഒരു സംവിധായിക എന്ന നിലയിൽ മികച്ച രീതിയിൽ പ്രേക്ഷകരുടെ മുന്നിലേക്ക് ഈ ചിത്രം അവതരിപ്പിക്കുക എന്ന ദൗത്യം വളരെ ഭംഗിയായി തന്നെ ബ്രിന്ദ മാസ്റ്റർ നിർവഹിച്ചു. സംഗീതവും നൃത്തവും ഗാനങ്ങളുമെല്ലാം അതിമനോഹരമായി തന്നെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാൻ ബ്രിന്ദ മാസ്റ്റർക്ക് സാധിച്ചിട്ടുണ്ട്.
യാഴനെന്ന നായകനായി ദുൽഖർ സൽമാൻ നടത്തിയത് മികച്ച പ്രകടനമാണ്. വളരെ രസകരമായി തന്നെ ഈ കഥാപാത്രത്തിന്റെ പെരുമാറ്റ രീതിയും സംസാര ശൈലിയും പ്രേക്ഷകരിലേക്ക് എത്തിക്കാൻ ദുൽഖറിന് സാധിച്ചിട്ടുണ്ട്. ഈ കഥാപാത്രത്തിന്റെ മനസ്സ് തൊട്ടറിഞ്ഞാണ് ദുൽഖർ സൽമാൻ അഭിനയിച്ചതെന്നു വ്യക്തമാണ്. അത് പോലെ അദിതി റാവു, കാജൽ അഗർവാൾ എന്നിവരും മികച്ച പ്രകടനത്തിലൂടെ തങ്ങളുടെ ക്ലാസ് കാണിച്ചു തന്നു. രണ്ടു പേരും തങ്ങളുടെ കഥാപാത്രങ്ങളെ ഏറ്റവും വിശ്വസനീയമായി തന്നെയാണ് അവതരിപ്പിച്ചത്. അത്ര പക്വതയേറിയ പ്രകടനമാണ് ഇവർ നൽകിയത്. നക്ഷത്ര നാഗേഷ്, മിർച്ചി വിജയ്, താപ്പ, കൗശിക്, അഭിഷേക് കുമാർ, പ്രദീപ് വിജയൻ, കോതണ്ഡ രാമൻ, ഫ്രാങ്ക്, സൗന്ദര്യ, ജെയിൻ തോംപ്സൺ, നഞ്ഞുണ്ടാൻ, രഘു, സംഗീത, ധനഞ്ജയൻ, യോഗി ബാബു എന്നിവരും തങ്ങളുടെ വേഷങ്ങൾ ഏറ്റവും ഭംഗിയായി തന്നെ വെള്ളിത്തിരയിൽ അവതരിപ്പിച്ചു. പ്രീത ജയരാമൻ ഒരുക്കിയ മനോഹര ദൃശ്യങ്ങൾ കഥ നടക്കുന്ന അന്തരീക്ഷം വളരെ മികച്ച രീതിയിൽ നമ്മുക്ക് മുന്നിൽ എത്തിച്ചപ്പോൾ ഗോവിന്ദ് വസന്ത ഒരുക്കിയ സംഗീതവും ശ്രവ്യ മനോഹരമായിരുന്നു. രാധ ശ്രീധർ തന്റെ എഡിറ്റിംഗിലൂടെ വളരെ സുഗമമായ രീതിയിൽ ചിത്രത്തെ മുന്നോട്ടൊഴുകാൻ സഹായിച്ചു എന്നതും എടുത്ത് പറയണം. ഗാന രംഗങ്ങളിലെ ദൃശ്യങ്ങൾ വളരെ മനോഹരമായിരുന്നു. അതുപോലെ പശ്ചാത്തല സംഗീതവും മികവ് പുലർത്തി.
ചുരുക്കി പറഞ്ഞാൽ ഹേ സിനാമിക എന്ന തമിഴ് ചിത്രം രസകരമായ ഒരു കഥ പറയുന്ന മികച്ച ഒരു എന്റെർറ്റൈനെറാണ്. ബ്രിന്ദ മാസ്റർ എന്ന കലാകാരി നമ്മുക്ക് മുന്നിൽ എത്തിച്ച അതിമനോഹരമായ ഒരു റൊമാന്റിക് ഡ്രാമ എന്ന് ഈ ചിത്രത്തെ നമ്മുക്ക് വിശേഷിപ്പിക്കാം. പ്രണയവും ചിരിയുമെല്ലാം കോർത്തിണക്കി ഒരുക്കിയ ഒരു ആഘോഷ ചിത്രമെന്ന് തന്നെ ഹേ സിനാമികയെ കുറിച്ച് നമ്മുക്ക് പറയാൻ സാധിക്കും.