കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണത്തിന് സമയം നീട്ടി നൽകി ഹൈക്കോടതി. ഒന്നരമാസം കൂടിയാണ് സമയം നീട്ടി നൽകിയിരിക്കുന്നത്. പ്രോസിക്യൂഷൻ കൂടുതൽ സമയം തേടിയതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സമയം നീട്ടി നൽകിയിരിക്കുന്നത്. തുടരന്വേഷണ റിപ്പോർട്ട് വിചാരണക്കോടതിയിൽ സമർപ്പിക്കാൻ ഹൈക്കോടതി അനുവദിച്ച സമയം 30ന് അവസാനിച്ചിരുന്നു. ഇതിനെ തുടർന്നാണ് പ്രോസിക്യൂഷൻ കൂടുതൽ സമയം തേടിയത്.
വിചാരണക്കോടതിയിലുള്ള നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ മാറ്റമുണ്ടായതിനാൽ ഫോറൻസിക് പരിശോധന ആവശ്യമാണെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. ഇതും നിലവിൽ ലഭിച്ചിട്ടുള്ള ഡിജിറ്റൽ രേഖകളുടെ പരിശോധന പൂർത്തിയായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ സമയം നീട്ടിച്ചോദിച്ചത്.
അതേസമയം, സമയം നീട്ടി നൽകിയതിൽ പ്രതിഷേധവുമായി ദിലീപ് രംഗത്തെത്തി. വിചാരണ വൈകിക്കാനാണ് കൂടുതൽ സമയം ആവശ്യപ്പെടുന്നതെന്ന് ദിലീപ് ആരോപിച്ചു. ഏതു വിധേനയും കസ്റ്റഡിയിൽ വാങ്ങുകയും ഫോണിൽ നിന്ന് ദൃശ്യങ്ങൾ കണ്ടെത്തിയെന്ന് വരുത്തി തീർക്കുകയുമാണ് പൊലീസ് ലക്ഷ്യം വെയ്ക്കുന്നതെന്നും പ്രതിഭാഗം വാദിച്ചു.