ദൃശ്യം 2ന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ആക്ഷന്‍ ത്രില്ലറാണ് റാം. കൊവിഡ് കാരണം മുടങ്ങിക്കിടന്നിരുന്ന ചിത്രത്തിന്റെ രണ്ടം ഷെഡ്യൂള്‍ ജൂണ്‍ മാസത്തില്‍ ആരംഭിക്കുമെന്നാണ് വിവരം. നാല്പത് ദിവസം നീണ്ടുനില്‍ക്കുന്ന രണ്ടാം ഷെഡ്യൂളിന്റെ ഭൂരിഭാഗവും ബ്രിട്ടനിലാണ് ഷൂട്ട് ചെയ്യുന്നത്. ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് ഹോളിവുഡില്‍ നിന്നുള്ള സ്റ്റണ്ട് മാസ്റ്ററാണെന്നാണ് വിവരം. ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്ന നടന് ഇന്ദ്രജിത്താണ് ഇക്കാര്യം പറഞ്ഞത്.
മിഷന് ഇംപോസിബിള്‍ എന്ന ഹോളിവുഡ് ചിത്രത്തിനായി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ സംവിധായകന് ആണ് റാമിനായി എത്തുന്നതെന്നാണ് വിവരം. ഷൂട്ട് പ്ലാന്‍ ചെയ്തപ്പോഴുള്ള തീരുമാനമായിരുന്നു അത്. കൊവിഡ് സാഹചര്യത്തില്‍ ഷൂട്ടിംഗ് രണ്ട് വര്‍ഷം വൈകിയ സ്ഥിതിയില്‍ അതിന് മാറ്റം വന്നോ എന്നറിയില്ലെന്നും ഇന്ദ്രജിത്ത് പറയുന്നു.
തൃഷയാണ് റാമില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. ഹേ ജൂഡ് എന്ന നിവിന്‍ പോളി- ശ്യാമ പ്രസാദ് ചിത്രത്തിന് ശേഷം തൃഷ അഭിനയിക്കുന്ന മലയാള ചിത്രമാണ് റാം. ഇന്ദ്രജിത് സുകുമാരന്‍, ആദില്‍ ഹുസൈന്, കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, സായി കുമാര്‍, ലിയോണ ലിഷോയ്, ദുര്‍ഗാ കൃഷ്ണ, ചന്ദുനാഥ്, ആനന്ദ് മഹാദേവന്, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.