കെജിഎഫിന്റെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് നിര്‍മിക്കുന്ന ‘ധൂമ’ത്തിന് തുടക്കമായി. ഫഹദ് ഫാസില്‍, അപര്‍ണ ബാലമുരളി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ‘ലൂസിയ’, ‘യുടേണ്‍’ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത പവന് കുമാറാണ് ധൂമത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളില്‍ ‘ധൂമം’ റിലീസ് ചെയ്യും. നേരത്തെ പ്രഖ്യാപിച്ച ‘ടൈസണ്‍’ എന്ന ചിത്രത്തിന് ശേഷം മലയാളത്തില്‍ ഹോംബാലെ ഫിലിംസിന്റെ രണ്ടാമത്തെ ചിത്രമാണ് ധൂമം. പ്രമുഖ താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും അണിനിരത്തി ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.
മാസ് റോളിലാകും ഫഹദ് ചിത്രത്തില്‍ എത്തുകയെന്ന് നിര്‍മാതാവ് വിജയ് കിരഗണ്ടൂര്‍ അറിയിച്ചിരുന്നു. രണ്ട് പ്രമുഖ താരങ്ങളുടെ സംഗമം ബിഗ് സ്ക്രീനില്‍ മായാജാലം തീര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. റോഷന് മാത്യു ആണ് ധൂമത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.