അനിശ്ചിതത്വങ്ങൾക്കും ആശങ്കകൾക്കും ഒടുവിലാണ് പൃഥ്വിരാജ് നായകനായി എത്തിയ ഷാജി കൈലാസ് ചിത്രം ‘കടുവ’ തിയറ്ററുകളിലേക്ക് എത്തിയത്. ആദ്യം ജൂൺ 30ന് ആയിരുന്നു റിലീസ് തീരുമാനിച്ചിരുന്നതെങ്കിലും ചില അപ്രതീക്ഷിതമായ സാഹചര്യങ്ങളാൽ റിലീസ് ജൂലൈ ഏഴിലേക്ക് മാറ്റുകയായിരുന്നു. തന്റെ കഥയാണ് സിനിമയാക്കിയതെന്ന് ജോസ് കുരുവിനാക്കുന്നേൽ പരാതി നൽകിയതോടെയാണ് റിലീസ് മാറ്റേണ്ടി വന്നത്. കുരുവിനാക്കുന്നേൽ കുറുവാച്ചൻ എന്നതാണ് കടുവാക്കുന്നേൽ കുറുവാച്ചൻ എന്നാക്കി മാറ്റിയതെന്നും പരാതിയിൽ ജോസ് ആരോപിച്ചിരുന്നു. ജോസിന്റെ പരാതിയെ തുടർന്ന് ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ സെൻസർ ബോർഡിനെ ഹൈക്കോടതി ചുമതലപ്പെടുത്തുകയായിരുന്നു. ജൂലൈ നാലിന് ചിത്രം കണ്ട സെൻസർ ബോർഡ് ജോസ് കുരുവിനാക്കുന്നേലിനും കടുവയുടെ അണിയറപ്രവർത്തകർക്കും പറയാനുള്ളത് കേട്ടു. റിലീസിന് തൊട്ടു മുമ്പാണ് ചിത്രത്തിലെ കുറുവച്ചൻ എന്ന പേര് മാറ്റണമെന്ന് സെൻസർ ബോർഡ് അറിയിക്കുന്നത്.
ചുരുങ്ങിയ സമയത്തിനുള്ളിൽ എങ്ങനെയാണ് കുറുവാച്ചൻ കുര്യച്ചൻ ആയി മാറിയതെന്നാണ് എല്ലാവരും അത്ഭുതത്തോടെ നോക്കിയത്. പേരു മാറ്റണമെന്ന നിർദ്ദേശം ഉണ്ടായേക്കാമെന്ന് സംവിധായകൻ ഷാജി കൈലാസും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും നായകൻ പൃഥ്വിരാജും മുൻകൂട്ടി കണ്ടതാണ് ഇവർക്ക് നേട്ടമായത്. അങ്ങനെ വന്നാൽ റിലീസ് മുടങ്ങാതിരിക്കാൻ എല്ലാ തയ്യാറെടുപ്പും അവർ നടത്തി. 30ന് റിലീസ് ചെയ്യാൻ കഴിയാതെ വന്നതോടെ കുറുവച്ചൻ എന്ന പേരുമാറ്റി കുര്യച്ചൻ എന്നാക്കാൻ തീരുമാനിച്ചു. സിനിമയിൽ മുപ്പതോളം ഭാഗങ്ങളിൽ വിവിധ കഥാപാത്രങ്ങൾ കടുവാക്കുന്നേൽ കുറുവാച്ചൻ എന്ന് പറയുന്നുണ്ട്. എന്നാൽ, ഷൂട്ടിംഗ് തിരക്കിലുള്ള താരങ്ങളെ വീണ്ടും ഡബ്ബിഗിംന് എത്തിക്കുക എന്നത് അസാധ്യമായിരുന്നു. അതുകൊണ്ട് അവർ ഉള്ള സ്ഥലങ്ങളിൽ പോയി കടുവക്കുന്നേൽ കുര്യച്ചൻ എന്ന പേര് റെക്കോർഡ് ചെയ്തു. ചിലർ ഫോണിൽ റെക്കോർഡ് ചെയ്ത് അയച്ചു കൊടുത്തു. സ്റ്റുഡിയോയിൽ എത്തി റെക്കോർഡ് ചെയ്തവരും ഉണ്ട്. എന്നാൽ, 48 മണിക്കൂറിനുള്ളിലായിരുന്നില്ല ഈ പേരുമാറ്റം നടന്നത്. അത് നേരത്തെ തന്നെ നടത്തിയിരുന്നു.
അതിനുശേഷം കഥാപാത്രത്തിന്റെ പേര് കടുവാക്കുന്നേൽ കുര്യച്ചൻ എന്ന് മാറ്റിയ സൗണ്ട് ട്രാക്ക് ഷാജി കൈലാസിന്റെ നേതൃത്വത്തിൽ തയ്യാറാക്കി. കുറുവച്ചൻ എന്നു പേരുള്ള ആദ്യം തയ്യാറാക്കിയ പതിപ്പ് ആണ് സെൻസർ ബോർഡിനു മുന്നിൽപ്രദർശിപ്പിച്ചത്. സിനിമയിൽ താനുമായി സാമ്യമുള്ള കാര്യങ്ങൾ പതിനഞ്ചോളം ഭാഗങ്ങളിൽ ഉണ്ടെന്ന് ജോസ് കുരുവിനാക്കുന്നേൽ സെൻസർ ബോർഡിനു മുന്നിൽ വാദിച്ചു. ഇതിനെ തുടർന്നാണ് നായകന്റെ പേരു മാറ്റി സെൻസർ ബോർഡ് സിനിമയ്ക്ക് പ്രദർശന അനുമതി നൽകിയത്. സെൻസർ ബോർഡ് അനുമതി നൽകി 48 മണിക്കൂറിനുള്ളിൽ സിനിമ റിലീസ് ചെയ്യേണ്ടതിനാൽ ഇത് അസാധ്യമാണെന്ന് പലരും കരുതി. എന്നാൽ, പേരു നേരത്തെ തന്നെ മാറ്റിയ അണിയറപ്രവർത്തകർക്ക് ആശങ്ക തീരെയില്ലായിരുന്നു. ജൂലൈ ഏഴിനു തന്നെ ചിത്രം തിയറ്ററുകളിൽ എത്തി.