ഒരു വിനീത് ശ്രീനിവാസൻ ചിത്രമെന്ന നിലയിലും, അതുപോലെ പ്രണവ് മോഹൻലാൽ ചിത്രമെന്ന നിലയിലും സിനിമ പ്രേമികളും ആരാധകരും ഏറെ കാത്തിരുന്ന ഒരു ചിത്രമാണ് ഹൃദയം. ഒരുപക്ഷെ കേരളത്തിലെ യുവ പ്രേക്ഷകർ ഇത്രയും കൂടുതൽ കാത്തിരുന്ന മറ്റൊരു മലയാള ചിത്രം ഈ അടുത്ത കാലത്തെങ്ങും ഉണ്ടായിട്ടില്ല. വിനീത് ശ്രീനിവാസൻ എന്ന സംവിധായകനിൽ ഉള്ള അവരുടെ വിശ്വാസം ആണത്. അദ്ദേഹം തന്നെ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യമാണ്. ഒരുപാട് വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണു മെരിലാൻഡ് എന്ന പ്രശസ്ത ബാനറിൽ ഒരു സിനിമ വരുന്നത് എന്ന പ്രത്യേകതയുമുണ്ട്. പ്രണവ് മോഹൻലാൽ, വിനീത് ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, വിശാഖ് സുബ്രമണ്യം തുടങ്ങി മലയാള സിനിമയിലെ പ്രശസ്തരുടെ പുതിയ തലമുറയുടെ ഒരു സംഗമം കൂടിയാണ് ഹൃദയം. അതോടൊപ്പം തന്റെ പ്രതിഭ കൊണ്ട് ഇതിനോടകം ശ്രദ്ധ നേടിയ ദർശന രാജേന്ദ്രൻ കൂടി ചേരുന്നതോടെ ഹൃദയം കാത്തിരിക്കാൻ പ്രേക്ഷകർക്ക് കാരണങ്ങളേറെയായിരുന്നു. വമ്പൻ ഹിറ്റായ ഇതിന്റെ ടീസർ, ട്രൈലെർ എന്നിവയും ട്രെൻഡ് സെറ്ററുകൾ ആയി മാറിയ ഇതിലെ ഗാനങ്ങളും ആ പ്രതീക്ഷകൾക്കും കാത്തിരിപ്പിനും ആക്കം കൂട്ടി.
പ്രണവ് മോഹൻലാൽ അവതരിപ്പിക്കുന്ന അരുൺ നീലകണ്ഠൻ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രം സഞ്ചരിക്കുന്നത്. അയാളുടെ ജീവിതത്തിലെ വ്യത്യസ്ത തലങ്ങളിലൂടെയോ സമയത്തിലൂടെയോ സഞ്ചരിച്ചു കഥ പറയുന്ന ചിത്രം എന്ന് നമുക്ക് ഹൃദയത്തെ വിശേഷിപ്പിക്കാം. അരുണിന്റെ കൗമാര- യൗവന കാലഘട്ടങ്ങളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ഈ ചിത്രം അയാളുടെ പ്രണയവും സൗഹൃദവും കുടുംബവും ആ വ്യക്തിയുടെ വൈകാരികമായ വളർച്ചയും യാത്രയും നമ്മുക്ക് കാണിച്ചു തരുന്നു. അയാളുടെ ജീവിതത്തിൽ നിർണ്ണായക സ്വാധീനമാകുന്ന ദർശനയും നിത്യയുമായി ദർശന രാജേന്ദ്രനും കല്യാണി പ്രിയദർശനുമാണ് എത്തിയിരിക്കുന്നത്. ഇവരുടെ ജീവിതങ്ങൾ എങ്ങനെ പരസ്പരം ചേർന്ന് കിടക്കുന്നു എന്നതും അതിലൂടെയെല്ലാം അരുൺ എന്ന വ്യക്തി എങ്ങനെ രൂപപ്പടുന്നു എന്നും ഈ ചിത്രം നമുക്ക് കാണിച്ചു തരുന്നുണ്ട്.
ഇത് വരെ നമ്മൾ കണ്ട വിനീത് ശ്രീനിവാസൻ ചിത്രങ്ങളിൽ നിന്നും അവതരണ ശൈലി കൊണ്ടും കഥാ പശ്ചാത്തലം കൊണ്ട് വ്യത്യസ്തത പുലർത്തുന്ന ഒരു ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസൻ എന്ന രചയിതാവ് വളരെ മനോഹരമായി ഒരുക്കിയ ഈ തിരക്കഥയിൽ പ്രേക്ഷകനെ രസിപ്പിക്കുന്ന എല്ലാ ഘടകങ്ങളും കൃത്യമായ അളവിൽ കോർത്തിണക്കിയിട്ടുണ്ട് എന്നത് തന്നെയാണ് ഇതിന്റെ ഹൈലൈറ്റ്. ഒരു ശരാശരി മലയാളി യുവാവിന്റെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള എല്ലാം ഇതിലുണ്ട്. പ്രണയവും സൗഹൃദവും യാത്രകളും വിജയവും പരാജയവും നിരാശയും തിരിച്ചടികളും തിരിച്ചു വരവുകളും വൈകാരികമായ സാഹചര്യങ്ങളുമെല്ലാം സത്യസന്ധമായി അവതരിപ്പിച്ചത്, ഈ ചിത്രത്തെ പ്രേക്ഷകരുടെ മനസ്സിലെത്തിച്ചു എന്ന് എടുത്തു പറയണം. മനോഹരമായ ആ തിരക്കഥക്ക് ഒരേ സമയം റിയലിസ്റ്റിക് ആയതും കളർഫുൾ ആയതുമായ വ്യത്യസ്തമായ ഒരു ദൃശ്യ ഭാഷയാണ് വിനീത് ശ്രീനിവാസൻ എന്ന സംവിധായകൻ ഒരുക്കിയത്. കഥാ സന്ദർഭങ്ങളിൽ മാത്രമല്ല കഥാപാത്ര രൂപീകരണത്തിലും പുലർത്തിയ പുതുമയും അതിൽ കൊണ്ട് വന്ന വിശ്വസനീയതയുമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ശക്തിയായി നിൽക്കുന്നത് എന്ന് പറയാം. ആദ്യാവസാനം ഒരു പരിചയ സമ്പന്നനായ സംവിധായകന്റെ കയ്യടക്കം നമുക്ക് ഈ ചിത്രത്തിൽ തെളിഞ്ഞു കാണാം എന്ന് മാത്രമല്ല പ്രേക്ഷകനെ കഥയും കഥാപാത്രങ്ങളുമായും ചേർത്ത് നിർത്തി ആ ലോകത്തിലെ അനുഭവങ്ങൾ ഫീൽ ചെയ്യിക്കുന്ന വിധം തന്റെ ഒപ്പം കൊണ്ട് പോകാനും വിനീത് ശ്രീനിവാസന് സാധിച്ചു.
ഗംഭീര പ്രകടനം കാഴ്ച വെച്ച പ്രണവ് മോഹൻലാൽ എന്ന നടനാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്ന് എന്ന് പറയാം. അത്രമാത്രം മനോഹരമായാണ് ഈ നടൻ തന്റെ കഥാപാത്രത്തിന് ജീവൻ പകർന്നത്. അരുണിന്റെ ശരീര ഭാഷയും സംഭാഷണ ശൈലിയും ചിരിയും സൂക്ഷ്മമായ ഭാവ പ്രകടനങ്ങളും കണ്ണുകളിലൂടെ സംവദിച്ച വികാരങ്ങളുമെല്ലാം ഈ നടനെ അപാരമായ പ്രതിഭ നമ്മുക്ക് കാണിച്ചു തരുന്നു. അതോടൊപ്പം സഹതാരങ്ങളുമായി പ്രണവ് ഉണ്ടാക്കിയ ഓൺസ്ക്രീൻ രസതന്ത്രവും മനോഹരമായിരുന്നു. ദർശന രാജേന്ദ്രനുമായും കല്യാണിയുമായും ഒരേപോലെ സ്ക്രീനിൽ തിളങ്ങി നിൽക്കാൻ പ്രണവിന് സാധിച്ചു. ദർശന ഒരിക്കൽ കൂടി തന്റെ വേഷം അനായാസമായും അതുപോലെ മനസ്സിൽ സ്പർശിക്കുന്ന തരത്തിലും ചെയ്തു കയ്യടി നേടിയപ്പോൾ കല്യാണി പ്രിയദർശൻ തന്റെ ശൈലിയിൽ സ്ക്രീനിൽ കൊണ്ട് വന്ന തിളക്കം ഒന്ന് വേറെ തന്നെയാണ്. മറ്റു പ്രധാന വേഷങ്ങൾ ചെയ്ത അജു വർഗീസ്, വിജയരാഘവൻ, അശ്വത് ലാൽ, ജോണി ആന്റണി, മറ്റു പുതിയ താരങ്ങൾ എന്നിവർ തങ്ങളുടെ കഥാപാത്രങ്ങൾ മികച്ച രീതിയിൽ തന്നെ പ്രേക്ഷക സമക്ഷം അവതരിപ്പിച്ചു. ഈ ചിത്രത്തിൽ ഏറെ കയ്യടി നേടിയ ഒരു കഥാപാത്രത്തെയാണ് അശ്വത് ലാൽ അവതരിപ്പിച്ചത്.
പതിനഞ്ചു ഗാനങ്ങൾ നിറഞ്ഞ ഈ ചിത്രത്തിലെ ഓരോ ഗാനവും മനോഹരമാക്കിയ ഹിഷാം അബ്ദുൽ വഹാബ് ഒരു തരത്തിൽ പറഞ്ഞാൽ ഹൃദയത്തിന്റെ ആത്മാവായി മാറിയിരുന്നു. അത്ര മനോഹരമായിരുന്നു ഇതിലെ സംഗീതം. പ്രേക്ഷകന്റെ മനസ്സിൽ തൊടുന്ന സംഗീതമാണ് ഈ ചിത്രത്തിന്റെ ജീവനായി നിന്നത്. ഹൃദയത്തിനു വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയ വിശ്വജിത്തും കഥയോട് ചേർന്ന് നീക്കുന്ന വിഷ്വലുകളാണ് ചിത്രത്തിന് സമ്മാനിച്ചത്. അതുപോലെ രഞ്ജൻ അബ്രഹാമിന്റെ എഡിറ്റിംഗ് മുകളിൽ പറഞ്ഞ രണ്ടു ഘടകങ്ങളേയും കൂടുതൽ മനോഹരമാക്കി. ദൃശ്യങ്ങൾക്കൊത്ത താളത്തിൽ സംഗീതവും, അതിനെ പുഴ പോലെ സുഗമമായി ഒഴുക്കി മുന്നോട്ടു കൊണ്ട് പോയ എഡിറ്റിംഗും ഹൃദയത്തെ സാങ്കേതികപരമായും മനോഹരമാക്കി മാറ്റിയിട്ടുണ്ട്.
ചുരുക്കി പറഞ്ഞാൽ, ഹൃദയം എന്ന ചിത്രം അതിന്റെ പേര് പോലെ തന്നെ കാണുന്നവരുടെ ഹൃദയം കവർന്ന, ഹൃദയത്തിൽ തൊടുന്ന, ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരുപാട് മനോഹര നിമിഷങ്ങൾ നൽകുന്ന ഒരു ഗംഭീര ചലച്ചിത്രാനുഭവമാണ്. ചിരിയും പ്രണയവും സൗഹൃദത്തിന്റെ മധുരവും ജീവിതത്തിലെ വിവിധ വികാരങ്ങളുടെ വേലിയേറ്റവും വേലിയിറക്കവും കാണിച്ചു തരുന്ന ഈ ചിത്രത്തിന്, എന്നും ഹൃദയത്തോട് ചേർത്ത് വെക്കാവുന്ന മനോഹരമായ അനുഭവങ്ങളുടെ കൂട്ടത്തിലാണ് സ്ഥാനം.