ഇച്ചായന് എന്ന് തന്നെ വിളിക്കുന്നത് ഇഷ്ടമല്ലെന്ന് നടന് ടൊവിനോ തോമസ്. ആ വിളിയില്‍ രോമാഞ്ചം കൊള്ളുന്ന ആളല്ല താന്‍. അത് കേള്‍ക്കുമ്പോള്‍ പാകമാകാത്ത ട്രൗസര്‍ ഇടുന്നത് പോലെയാണ് തോന്നുന്നതെന്നും ടൊവിനോ പറഞ്ഞു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യം പറഞ്ഞത്.
ഇച്ചായന് എന്ന വിളി തനിക്ക് ഭയങ്കര ‘ഓഡ്’ ആണെന്ന് ടൊവിനോ പറഞ്ഞു. തന്നെ കൂട്ടുകാരൊക്കെ കളിയാക്കി വിളിക്കുന്നതാണ് ഇച്ചായാ എന്ന്. വാട്സ്ആപ്പ് ഗ്രൂപ്പിലൊക്കെ ‘ഏയ് ഇച്ചായാ..’ എന്നൊക്കെ പറഞ്ഞ് എന്നെ കളിയാക്കുകയാണ്. ഇച്ചായാ എന്ന് വിളിക്കുന്നത് തനിക്ക് ഇഷ്ടമല്ല എന്നല്ല. അത് ചിലപ്പോള്‍ ആരെങ്കിലും ഹെഡ്ഡിങ് കൊടുത്തതായിരിക്കും. തന്റെ കസിന്സും, തന്നേക്കാള്‍ പ്രായം കുറഞ്ഞ ആളുകളും തന്നെ വിളിക്കുന്നത് ചേട്ടാ എന്നാണ്. ഇപ്പോള്‍ അവര്‍ ‘ഇച്ചായാ’ എന്ന് വിളിച്ച് കളിയാക്കി തുടങ്ങി. ഇച്ചായാ വിളിയോട് ഒട്ടും താത്പര്യമില്ലെന്നും ടൊവിനോ പറഞ്ഞു.
ഇച്ചായന് എന്ന് ഒരുപക്ഷെ ആളുകള്‍ സ്നേഹം കൊണ്ട് വിളിക്കുന്നതായിരിക്കാം. പക്ഷേ, ഒരു നടന് ക്രിസ്ത്യാനി ആയതുകൊണ്ട് അയാളെ ഇച്ചായാ എന്നും, മുസ്ലിം ആയതുകൊണ്ട് ഇക്കാ എന്നും ഹിന്ദു ആണെങ്കില്‍ ഏട്ടന് എന്നും ഒക്കെ വിളിക്കുമ്പോള്‍ അതില്‍ ഒരു പന്തികേട് തോന്നിയിട്ടുണ്ട്. സ്നേഹമുള്ളവര് തന്നെ ടൊവി എന്നാണ് വിളിക്കുന്നത്. മറ്റുള്ളവര്‍ക്കും അങ്ങനെ വിളിക്കാവുന്നതാണെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.