വളരെ കുറച്ചു ചിത്രങ്ങളില്‍ മാത്രം വേഷമിട്ട് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് ആതിര പട്ടേല്‍. ഷെയ്ന് നിഗവും രേവതിയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഭൂതകാലം എന്ന ചിത്രമായിരുന്നു ആതിരയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ഇതില്‍ പ്രിയ എന്നകഥാപാത്രത്തെയായിരുന്നു ആതിര അവതരിപ്പിച്ചത്. ആതിരയുടെ ആദ്യ ചിത്രം ‘ഇഷ്ടി’യായിരുന്നു. സംസ്കൃതത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ നെടുമുടി വേണുവിന്റെ മൂന്നാം ഭാര്യയാണ് ആതിര അഭിനയിച്ചത്.
ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ഭാഷ വെല്ലുവിളിയായിരുന്നുവെന്ന് ആതിര പറയുന്നു. സംസ്കൃതം പ്രൊഫസര്‍ കൂടിയായ സംവിധായകന് ജി പ്രഭ സഹായിച്ചു. ഒറ്റ ലൊക്കേഷനില്‍ തന്നെയായിരുന്നു 30 ദിവസവും ഷൂട്ടിംഗ് നടന്നതെന്നും ആതിര പറയുന്നു. നെടുമുടി സാര്‍ വളരെയധികം സപ്പോര്‍ട്ടീവ് ആയിരുന്നു. ആദ്യ സിനിമയാണെന്ന് അറിയുന്നതിനാല്‍ ഷോട്ടില്‍ നില്‍ക്കേണ്ട പൊസിഷനും ലുക്ക് എവിടെയാണ് വേണ്ടതെന്നുമൊക്കെ അദ്ദേഹം പറഞ്ഞു തരുമായിരുന്നുവെന്നും ആതിര പറഞ്ഞു.
ഭൂതകാലത്തിന് വലിയ സ്വീകാര്യത ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ആതിര പറഞ്ഞു. ആറ് ദിവസം മാത്രമായിരുന്നു ഭൂതകാലത്തിന്റെ ഷൂട്ടിംഗ് ഉണ്ടായിരുന്നത്. താനും ഷെയ്ന് നിഗവും പനമ്പിള്ളി നഗറില്‍ വച്ചുളള പാട്ട് ചെയ്യുമ്പോഴാണ് രേവതി മാം സെറ്റിലേക്ക് വന്നത്. തന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം അവര്‍ രണ്ടു പേരും അഭിനയിക്കുന്നത് കാണാന്‍ പോയി. ഒന്നിച്ച് ഊണും കഴിച്ചു. ആദ്യം കുറച്ച് പേടിച്ചുവെങ്കിലും വളരെ സ്വീറ്റ് ആണ് രേവതി മാം എന്ന് മനസിലായെന്നും ആതിര പറഞ്ഞു.