നികുതി വെട്ടിപ്പിന്റെ പേരിൽ തമിഴ് സൂപ്പർതാരം വിജയ്യെ കസ്റ്റഡിയിൽ എടുത്തതിനെ തുടർന്ന് വമ്പൻ ചർച്ചകൾ പുരോഗമിക്കേ കാര്യങ്ങൾ ഏകദേശം തെളിയുന്ന അവസ്ഥയിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ. 38ഓളം സ്ഥലങ്ങളിലായി നടത്തിയ റെയ്ഡിന്റെ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് ആദായ നികുതി വകുപ്പ്. ബോക്സോഫീസിൽ 300 കോടി നേടിയെന്ന് പറയുന്ന ബിഗിൽ എന്ന ചിത്രത്തെ സംബന്ധിച്ചാണ് ചിത്രത്തിന്റെ നിർമാതാവായ AGS എന്റർപ്രൈസ്, നായകൻ വിജയ്, വിതരണക്കാരൻ, പണം ഏർപ്പാട് ചെയ്ത അൻപ് ചെഴിയാൻ എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമായി റെയ്ഡ് നടത്തിയത്.
ചെന്നൈയിലും മധുരൈയിലുമായി പലയിടങ്ങളിൽ ഒളിപ്പിച്ചു വെച്ചിരുന്ന 77 കോടിയോളം കണക്കിൽ പെടാത്ത പണം കണ്ടെടുത്തു എന്നാണ് പ്രസ് റിലീസിൽ ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ഇതെല്ലാം തന്നെ ഫൈനാൻസിയറായ അൻപ് ചെഴിയാന്റേതാണെന്നും റിപ്പോർട്ട് പറയുന്നു. 300 കോടിയോളം വരുന്ന അയാളുടെ സ്ഥാവരജംഗമവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.
വിതരണക്കാരന്റെയും നിരവധി ഡോക്യൂമെന്റസ് കണ്ടെത്തിയിട്ടുണ്ടെന്നും അവയെ പരിശോധിച്ച് വരികയാണെന്നും അതിൽ പറയുന്നു. നിർമാതാവിന്റെ പക്കൽ നിന്നും കണക്കിൽ പെടാത്ത ഒന്നും കണ്ടെത്തിയിട്ടില്ലെങ്കിലും രേഖകൾ പരിശോധിച്ച് വരികയാണ്. അതെ സമയം വിജയ് ബിഗിലിൽ അഭിനയിച്ചതിൽ നിന്നും കിട്ടിയ തുക എവിടെയെല്ലാം ഇൻവെസ്റ്റ് ചെയ്തിട്ടുണ്ടെന്നുള്ള പരിശോധനയിലാണെന്ന് റിപ്പോർട്ട് പറയുന്നു.