അമ്മൻ: ഓസ്കർ ജേതാവായ ഇന്ത്യൻ സംഗീത സംവിധായകൻ എ ആർ റഹ്മാൻ ജോർദാനിൽ എത്തി. ആടുജീവിതം ടീമിനൊപ്പമാണ് എ ആർ റഹ്മാൻ ജോർദാനിൽ എത്തിയത്. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം തിങ്കളാഴ്ച ജോർദാനിൽ എത്തിയത്. ആടുജീവിതം സിനിമയുടെ സ്കോർ എ ആർ റഹ്മാൻ ആണ് ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് അദ്ദേഹം എത്തിയത്. എഴുത്തുകാരൻ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് ആടുജീവിതം സിനിമ ഒരുങ്ങുന്നത്. ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ ആണ് പ്രധാനവേഷത്തിൽ എത്തുന്നത്. കേരളത്തിൽ നിന്ന് ഗൾഫിൽ എത്തിയ കുടിയേറ്റ തൊഴിലാളിയുടെ കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതമാണ് ആടുജീവിതം പറയുന്നത്.
തിരക്കേറിയ ഷെഡ്യൂളുകൾക്ക് ഇടയിലും ആടുജീവിതം ഷൂട്ടിംഗ് ലൊക്കേഷനിൽ ടീമിനൊപ്പം ചേരാൻ റഹ്മാൻ തീരുമാനിക്കുകയായിരുന്നു. ‘ഇത് വളരെ പ്രത്യേകതയുള്ള സിനിമയാണ്. ഇത് മനുഷ്യത്വത്തെക്കുറിച്ചുള്ള സിനിമയാണ്. ബ്ലെസിയെപോലുള്ള സംവിധായകൻ ഈ ചിത്രത്തിന് എല്ലാം നൽകിയിട്ടുണ്ട്. മുഴുവൻ ടീമിനും പ്രതിബദ്ധതയുണ്ട്. പ്രോത്സാഹനത്തിന്റെ ഭാഗമായാണ് ഞാൻ ലൊക്കേഷനിലേക്ക് പോകുന്നത്’ – അമ്മനിൽ എത്തിയ എ ആർ റഹ്മാൻ ജോർദാൻ ടൈംസിനോട് പറഞ്ഞു. ചിത്രത്തിന്റെ സ്കോറിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് റഹ്മാൻ വ്യക്തമാക്കി.
‘സാഹചര്യത്തിന് അനുസരിച്ചുള്ള ഗാനങ്ങളാണ് ഏറെയും. താരാട്ടു പാട്ടും പ്രണയഗാനങ്ങളും അതിൽ ഉൾപ്പെടുന്നു. ഒരു പാട്ട് ചെയ്യണമെന്ന് ഉണ്ടായിരുന്നെങ്കിലും മൂന്നോ നാലോ പാട്ടുകൾ സിനിമയ്ക്കു വേണ്ടി ചെയ്തു’ – റഹ്മാൻ പറഞ്ഞു. അതേസമയം, ജോർദാനിലേക്കുള്ള തന്റെ രണ്ടാമത്തെ സന്ദർശനമാണ് ഇതെന്നും റഹ്മാൻ വ്യക്തമാക്കി. 1997ൽ അമ്മയോടൊപ്പം ആയിരുന്നു ഇതിനു മുമ്പ് താൻ ഒരു തീർത്ഥാടകനായെത്തിയത്. അന്ന് ജോർദാനിൽ നിന്ന് വർണ്ണാഭമായ ത്രെഡുകളുള്ള കരകൗശലവസ്തുക്കൾ വാങ്ങിയതായി ഓർക്കുന്നെന്നും അത് ഇപ്പോഴും തന്റെ സ്റ്റുഡിയോയിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഇവിടെ എല്ലാം മാറിയിരിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.