ഇര റീവ്യൂ
ഇര….! ആ പേര് കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടിവരുന്ന പലതുമുണ്ട്. വേട്ടയാടുന്നവനും വേട്ടയാടപ്പെടുന്നവനും അവരുടെ മനോനിലയും വേട്ടക്കാരനോട് തോന്നുന്ന അമർഷവും ഇരയോട് തോന്നുന്ന സഹതാപവും അങ്ങനെ പലതും. സ്വന്തം ജീവനും നിരപരാധിത്വം തെളിയിക്കുന്നതിനും വേണ്ടി പോരാടുന്ന ഇര തന്നെയാണ് ഏറ്റവും ശക്തിമാനെന്ന സത്യം ഇരയും വേട്ടക്കാരനും വേട്ട ആസ്വദിക്കുന്ന നാമും വിസ്മരിക്കുന്നു. ഇരയുടെ, ഇരയാക്കപ്പെടുന്നവന്റെ ജീവിതത്തിലൂടെ ആവേശവും ആകാംക്ഷയും നിറച്ച് ഒരുപാട് കാര്യങ്ങൾ പറയാതെ പറയുന്ന ഒരു ചിത്രം… അതാണ് ഇര. വേട്ടക്കാരനും ഇരയാകുന്നു എന്ന ഒരു വസ്തുത കൂടി ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നുണ്ട്. കൊമേർഷ്യൽ സിനിമകളുടെ കിരീടം വെക്കാത്ത രാജാക്കന്മാർ എന്ന് നിസംശയം പറയാൻ സാധിക്കുന്ന സംവിധായകൻ വൈശാഖും തിരക്കഥാകൃത്ത് ഉദയ് കൃഷ്ണയും നിർമാതാക്കൾ ആകുന്നു എന്ന് കേട്ടപ്പോൾ തന്നെ പ്രേക്ഷകർ ഏറെ പ്രതീക്ഷകൾക്ക് ജന്മം കൊടുത്തു. ആ പ്രതീക്ഷകളെ ഒരിക്കലും നിരാശപ്പെടുത്താതെ പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദനും ഗോകുൽ സുരേഷും നായകരായ സൈജു എസ് എസിന്റെ സസ്പെൻസ് ത്രില്ലർ ഇര.
ചെയ്യാത്ത കുറ്റത്തിനു ശിക്ഷിക്കപ്പെടുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെയാണ് ഈ കഥ പോകുന്നത്. ഇതിൽ രസകരമായ പ്രണയമുണ്ട്. രസകരമായ ജീവിതങ്ങളുണ്ട്. അത്തരം പാറ്റേണിലുള്ള ചിത്രമാണ് ഇര. സാധാരണ കാണാറുള്ള വെറുമൊരു ത്രില്ലർ മൂവിയുടെ മൂഡിലല്ല ഇതു ചെയ്തിരിക്കുന്നത്. രസകരമായ ഒരു എന്റർടെയ്നർ എന്ന രീതിയിലാണ് ഇര ഒരുക്കിയിരിക്കുന്നത്. നാം ജീവിക്കുന്ന ഇന്നത്തെ ഈ സമൂഹത്തിൽ നമുക്കുചുറ്റും കണ്ടിട്ടുള്ളതും കണ്ടുകൊണ്ടിരിക്കുന്നതുമായ പല പ്രശ്നങ്ങളും ഈ സിനിമയിൽ പലപ്പോഴായി കടന്നുവരുന്നുണ്ട്. പക്ഷേ അതല്ല ഇര എന്ന ചിത്രം.
ഉണ്ണി മുകുന്ദനും ഗോകുൽ സുരേഷിനും നല്ല പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ്. രണ്ടുപേർക്കും തുല്യമായ പ്രാധാന്യം തന്നെയാണ് ചിത്രത്തിൽ ഉടനീളം നൽകിയിരിക്കുന്നത്. ശക്തമായ കഥാപാത്രങ്ങളാണ് രണ്ടുപേരുടെയും. ഇതുവരെ ഉണ്ണി മുകുന്ദൻ ചെയ്തിട്ടില്ലാത്ത ടൈപ്പ് കഥാപാത്രമാണ് ഇരയിൽ. ഒരു ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസറായ രാജീവ് എന്ന കഥാപാത്രത്തെയാണ് ഉണ്ണി അവതരിപ്പിക്കുന്നത്. മാസ്റ്റർപീസിലെ മാസ്സ് കഥാപാത്രത്തിന് ശേഷം പ്രേക്ഷകരെ വീണ്ടും ആവേശം കൊള്ളിക്കുന്ന പ്രകടനം തന്നെയാണ് ഉണ്ണി മുകുന്ദൻ കാഴ്ച വെച്ചിരിക്കുന്നത്. സ്വാമി വേഷത്തിൽ ഉള്ള എൻട്രി മനോഹരമായിരുന്നു. മുദ്ദുഗൗ, മാസ്റ്റർപീസ് എന്നീ രണ്ടു പടങ്ങൾക്ക് ശേഷം ഗോകുൽ സുരേഷ് അഭിനയത്തിന്റെ കാര്യത്തിൽ ഏറെ വളർന്നുവെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഇരയിൽ നടത്തിയിരിക്കുന്നത്. ഡോ. ആര്യൻ എന്നാണ് ഗോകുൽ സുരേഷിന്റെ കഥാപാത്രത്തിന്റെ പേര്. ആരോഗ്യകരമായ ഒരു മത്സരം രണ്ടു നായകന്മാരും തമ്മിൽ സ്ക്രീനിൽ നടത്തിയിട്ടുണ്ടെന്ന് ഓരോ പ്രേക്ഷകനും വ്യക്തമായി തന്നെ മനസ്സിലാകും. അവർക്ക് അതിനുള്ള സ്പേസ് സംവിധായകനും തിരക്കഥാകൃത്തും നല്കിയെന്നത് തന്നെയാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം.
ഇരയിൽ നായകന്മാർക്കൊപ്പം നായികമാർക്കും നല്ല പ്രാധാന്യമുണ്ട്. നായികമാരായ മിയയും നിരഞ്ജനയും ചെയ്തിരിക്കുന്നതു വളരെ ശക്തമായ കഥാപാത്രങ്ങളെയാണ്. മിയയുടെ കഥാപാത്രം കാർത്തു. ജെന്നിഫർ എന്നാണു നിരഞ്ജനയുടെ കഥാപാത്രത്തിന്റെ പേര്. മെറീന മൈക്കിൾ, നീരജ എന്നിവരും നായികമാരോളം പ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് ചെയ്തിരിക്കുന്നത്. ഇരയുടെ വേറിട്ട് നിൽക്കുന്ന ഒരു സവിശേഷത എന്തെന്നാൽ വേറുതേ ഒരു കാരക്ടർ ഇല്ല ഈ സിനിമയിൽ. ഏറെ ബേസുള്ള ഈ സിനിമയുടെ കഥ കൊണ്ടുപോകേണ്ട കഥാപാത്രങ്ങളാണ് എല്ലാവരും. ശങ്കർ രാമകൃഷ്ണൻ, അലൻസിയർ, ലെന എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. ശങ്കർ രാമകൃഷ്ണനെ ഇതുപോലെ നമ്മൾ ഒരു സിനിമയിലും കണ്ടിട്ടുണ്ടാവില്ല. ഇത്തരം കഥാപാത്രങ്ങൾ മുന്പു സിനിമയിൽ വന്നിട്ടുണ്ട്. പക്ഷേ, ശങ്കർ രാമകൃഷ്ണൻ അതു ചെയ്യുന്പോഴുള്ള ഫ്രഷ്നെസാണ് ആ കഥാപാത്രത്തിന്റെ പ്രത്യേകത എന്നു പറയാവുന്നത്. അലൻസിയറും വളരെ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അലൻസിയറും ഇതുവരെ അത്തരം ഒരു കഥാപാത്രം ചെയ്തിട്ടില്ല. ലെനയും ശക്തമായ ഒരു റോൾ തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ഒരു സസ്പെൻസ് ത്രില്ലർ ആണെങ്കിലും ഇതിൽ തമാശയുമുണ്ട്. പാഷാണം ഷാജി, നെൽസണ്, നിർമൽ പാലാഴി തുടങ്ങിയ താരങ്ങൾ രസകരമായ കാരക്ടേഴ്സ് ചെയ്തിട്ടുണ്ട്. അവരുടെ രസകരമായ തമാശകളിലൂടെ ലളിതമായി മുന്നോട്ട് പോകുന്ന ഒരു സബ്ജക്ടിൽ ക്രമേണ പിരിമുറുക്കം കയറുന്നതാണ്.
കഥ, തിരക്കഥ, സംഭാഷണം..എല്ലാം നവീൻ ജോണെന്ന പുതുമുഖമാണ് ചെയ്തിരിക്കുന്നത്. പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള ഒരു വിരുത് നവീന്റെ എഴുത്തിലുണ്ട്. നവീന്റെ സ്ക്രിപ്റ്റിൽ ആദ്യം പുറത്തുവരുന്ന സിനിമയാണ് ഇര. ഇനിയും കൂടുതൽ ചിത്രങ്ങൾ ഈ തിരക്കഥാകൃത്തിൽ നിന്നും പ്രതീക്ഷിക്കാം. ഗോപി സുന്ദർ ഈണമിട്ട രണ്ടു ഗാനങ്ങളും ഇതിനകം തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചതാണ്. ഗോപി സുന്ദർ തന്നെ ഒരുക്കിയ ബാക്ക്ഗ്രൗണ്ട് സ്കോറും മുന്നിട്ടു തന്നെ നിൽക്കുന്നു. എബിയും സിനിമാക്കാരനുമൊക്കെ ചെയ്ത കാമറാമാൻ സുധീർ സുരേന്ദ്രനാണു ഛായാഗ്രഹണം. സുധീറിന്റെ മനോഹരമായ കാമറ ഏറ്റവും മനോഹരമായ വിഷ്വലുകൾ ഒപ്പിയെടുത്തിട്ടുണ്ട്. ജോൺ കുട്ടിയുടെ മനോഹരമായ എഡിറ്റിംഗ് കൂടിയായപ്പോൾ ചിത്രം കൂടുതൽ മിഴിവുള്ളതായി തീർന്നിരിക്കുന്നു. ഇരയുടെ ഒരു പോരായ്മയായി ചൂണ്ടി കാണിക്കാവുന്നത് ചിത്രത്തിന്റെ ഒരു സിനിമാറ്റിക് രീതിയിലുള്ള അവതരണമാണ്. കൂടാതെ സ്ഥിരം വൈരാഗ്യപൂർത്തീകരണത്തിലെ ക്ലിഷെകൾ ചിലതും പറഞ്ഞുവെക്കുന്നുണ്ട്. എന്നിരുന്നാലും പ്രേക്ഷകനെ ഒരിക്കലും മുഷിപ്പിക്കാതെ, പൂർണമായും കഥയോടും കഥാഗതിയോടും ചേർന്ന് ആസ്വദിക്കാനും തക്ക ഒരു ചിത്രം തന്നെയാണ് ഇര.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…