മണിരത്നത്തിന്റെ ചിത്രങ്ങളിൽ ഏറ്റവും മികച്ചവയിൽ എന്നും മുന്നിൽ നിൽക്കുന്ന ഒരു ചിത്രമേതെന്ന് ചോദിച്ചാൽ നിസംശയം ഏവരും പറയുന്ന ഒരു ചിത്രമാണ് ഇരുവർ. ചിത്രമിറങ്ങിയിട്ട് ഇന്നേക്ക് 25 വർഷങ്ങൾ പിന്നിടുകയാണ്. തമിഴ് രാഷ്ട്രീയത്തിന്റെയും സിനിമയുടെയും നെടുംതൂണുകളായി നിലനിന്നിരുന്ന എം ജി ആർ, എം കരുണാനിധി, ജയലളിത എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ
മോഹൻലാൽ, പ്രകാശ്രാജ്, ഐശ്വര്യ റായ് എന്നിവരാണ് യഥാക്രമം ആ റോളുകൾ ചെയ്തത്. മോഹൻലാലിൻറെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിൽ ഒന്നാണിത്.
അതേ സമയം ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രം ചെയ്യുവാൻ മണിരത്നം ആദ്യം സമീപിച്ചത് മമ്മൂട്ടിയെയായിരുന്നു. എം കരുണാനിധിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള തമിൾസെൽവൻ എന്ന കഥാപാത്രം ചെയ്യുവാനാണ് മണിരത്നം മമ്മൂട്ടിയെ സമീപിച്ചത്. എന്തൊക്കെയോ കാരണങ്ങളാൽ മമ്മൂട്ടി ആ റോൾ ഉപേക്ഷിക്കുകയും പിന്നീട് പ്രകാശ് രാജ് ആ റോൾ ചെയ്യുകയുമായിരുന്നു. തമിൾസെൽവൻ എന്ന ആ റോൾ ചെയ്യുവാൻ ഒരാളെ കണ്ടുപിടിക്കുവാൻ മണിരത്നം ഏറെ ബുദ്ധിമുട്ടിയിരുന്നുവെന്നാണ് റിപ്പോർട്ട്.
2018ൽ കരുണാനിധി അന്തരിച്ചപ്പോൾ മമ്മൂട്ടി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ കരുണാനിധിയെ കുറിച്ച് ഒരു കുറിപ്പ് പങ്ക് വെച്ചിരുന്നു. അതിൽ മണിരത്നത്തിന്റെ കരുണാനിധിയെ അവതരിപ്പിക്കുവാൻ ലഭിച്ച അവസരം നഷ്ടമാക്കിയത് വലിയൊരു നഷ്ടമാണെന്ന് കുറിച്ചിരുന്നു. അതിന് മുൻപ് രജനീകാന്തിനൊപ്പം മണിരത്നം ചിത്രമായ ദളപതിയിൽ മമ്മൂട്ടി അഭിനയിച്ചിരുന്നു. അതിലെ ദേവരാജ് എന്ന കഥാപാത്രം ഇന്നും അദ്ദേഹത്തിന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്.