ഐ.ജി ഗീത പ്രഭാകർ മോഹൻലാൽ ഫാൻസിനെ പേടിച്ച് കേരളം വിട്ടിരിക്കുകയാണ്. പുറത്തിറങ്ങിയാൽ നല്ല തല്ലുകിട്ടുമെന്ന് പേടിച്ച് ഒളിവില്‍ കഴിയുന്ന ഗീത പ്രഭാകറെ ഇപ്പോൾ കണ്ടുകിട്ടിയിട്ടുണ്ട്’. സമൂഹമാധ്യമങ്ങളില്‍ നടി ആശ ശരത് തന്നെ പങ്കുവച്ച വിഡിയോയുടെ അടിക്കുറിപ്പ് ആണിത്. രസകരമായ വിഡിയോ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. തന്റെ മേക്കപ്പ്മാൻ പകർത്തിയ വിഡിയോ ആണ് നടി പ്രേക്ഷകർക്കായും പങ്കുവച്ചത്.
![drishiyam 2](https://i0.wp.com/cinemadaddy.com/wp-content/uploads/2021/02/drishiyam-2.jpg?resize=662%2C400&ssl=1)
‘ലാലേട്ടൻ ഫാൻസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഗീത പ്രഭാകറിനെ തമിഴ്നാട്ടിൽവച്ച് കണ്ടുകിട്ടിയിട്ടുണ്ട്. ഇവിടെ എന്തോ ഇടിലി പാത്രം മേടിക്കാൻ വന്നതാണെന്നു തോന്നുന്നു’–വിഡിയോയിൽ മേക്കപ്പ്മാൻ സുധി പറയുന്നു. കേരളത്തിൽ നിന്നും ഒളിച്ചു നടക്കുകയാണോ എന്ന ചോദ്യത്തിന് നിഷ്കളങ്കമായ പുഞ്ചിരിയായിരുന്നു നടിയുടെ മറുപടി.ആരെയും പേടിച്ച് ഒളിച്ചോടിയതൊന്നുമല്ല കേട്ടോ, പുതിയ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് പൊള്ളാച്ചിയിലാണ് ആശ ശരത് ഇപ്പോൾ. വീട്ടിലേയ്ക്കുള്ള കുറച്ച് സാധനങ്ങൾ മേടിക്കുന്നതിനിടെ ആക്സമികമായി പകർത്തിയ വിഡിയോ ആണിത്. അൻപ് അറിവ് എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. പാപനാശം, തൂങ്കാവനം എന്നീ ചിത്രങ്ങൾക്കു ശേഷം ആശ ശരത് അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്.ദൃശ്യം ഒന്നാം ഭാഗത്തിൽ എന്ന പോലെ തന്നെ രണ്ടാം ഭാഗത്തിലും മികച്ച പ്രകടനമാണ് ആശ ശരത് കാഴ്ചവച്ചിരിക്കുന്നത്.
താരത്തിന്റെ കരുത്തുറ്റ പൊലീസ് ഓഫീസർ കഥാപാത്രമായ ഗീതാ പ്രഭാകറിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഇടയിൽ നിന്നും ലഭിച്ചിരിക്കുന്നത്.ദൃശ്യം 2 കണ്ട ഒരു സ്ത്രീയുടെ പ്രതികരണ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ജോര്‍ജ്ജുകുട്ടിയുടെ മുഖത്തടിച്ച ഗീതക്കിട്ട് ഒന്ന് പൊട്ടിക്കണമെന്നായിരുന്നു സ്ത്രീയുടെ കമന്റ്. രസകരമായ വിഡിയോ ആശയുടേയും ശ്രദ്ധയില്‍ പെട്ടിരുന്നു. പുറത്തിറങ്ങിയാല്‍ ജോര്‍ജുകുട്ടി ഫാന്‍സിന്റെ അടികിട്ടുമോ ആവോ എന്ന് വിഡിയോ പങ്കുവച്ചു കൊണ്ട് ആശ ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രസകരമായ അടുത്ത വിഡിയോയുമായി ആശ എത്തിയത്.