മലയാള സിനിമയ്ക്ക് എന്നും അഭിമാനിക്കാൻ തക്കവിധം നിരവധി മികച്ച സിനിമകൾ ഒരുക്കിയ സംവിധായകൻ ആണ് സനൽകുമാർ ശശിധരൻ. റോട്ടർഡാം ചലചിത്രമേളയിൽ ടൈഗർ പുരസ്കാരം നേടിയ എസ്. ദുർഗ്ഗക്കും 2019 ൽ വെനീസ് ചലച്ചിത്രമേളയിലെ മൽസരവിഭാഗത്തിൽ ഇടം പിടിച്ച ചോലയും സനൽകുമാറിന്റെ ചിത്രങ്ങളാണ്. ഈ രണ്ട് ചിത്രങ്ങൾക്ക് ശേഷം സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കയറ്റം. അപകടം നിറഞ്ഞ ഹിമാലയൻ പർവതനിരകളിലൂടെയുള്ള ട്രെക്കിംഗ് വിഷയമായ ഈ ചിത്രത്തിൽ മഞ്ജുവാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മഞ്ജു വാര്യർ പ്രൊഡക്ഷൻസിന്റെ ബാനറിൽ മഞ്ജു വാര്യരും ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളാണ്. ചിത്രത്തിലെ ‘ഇസ്തകോ’ എന്ന മഞ്ജു വാര്യർ ആലപിച്ച ഗാനം ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. സിനിമയ്ക്കായി രൂപപ്പെടുത്തിയ അഹർ സംസ എന്ന ഭാഷയിലാണ് ഗാനം ആലപിച്ചിരിക്കുന്നത്. രതീഷ് ഈറ്റില്ലം, ദേവൻ നാരായണൻ, ആസ്ഥാ ഗുപ്ത, സനൽ കുമാർ ശശിധരൻ എന്നിവർ വരികൾ ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് രതീഷ് ഈറ്റില്ലമാണ്.
അപകടം നിറഞ്ഞ ഹിമാലയൻ മലനിരകളിലൂടെയുള്ള ട്രെക്കിംഗ് വിഷയമായ ഈ ചിത്രത്തിൽ മഞ്ജുവാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജോസഫ് എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്ത വേദ് വൈബ്സ്, പുതുമുഖം ഗൗരവ് രവീന്ദ്രൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഇവരെക്കൂടാതെ സുജിത് കോയിക്കൽ, രതീഷ് ഈറ്റില്ലം, ദേവനാരായണൻ, സോണിത് ചന്ദ്രൻ, ആസ്ത ഗുപ്ത, അഷിത, നന്ദു, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു വേഷങ്ങളിൽ എത്തുന്നു. പത്തു പാട്ടുകളിലൂടെ സംഗീതം അടിമുടി നിറഞ്ഞ ഈ സിനിമയുടെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത് രതീഷ് ഈറ്റില്ലമാണ്. മലയാളത്തിനു പുറമേ ഈ സിനിമയ്ക്കായി രൂപപ്പെടുത്തിയ അഹർ സംസ എന്ന ഭാഷയിലും ഇതിലെ കഥാപാത്രങ്ങൾ സംസാരിക്കുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകൾക്കിടയിലാണ് മഞ്ജു വാര്യരും കൂടെയുള്ളവരും ഹിമാലയത്തിൽ പ്രളയദുരിതത്തിൽ അകപ്പെട്ടത്.