ആദിവാസികളുടെ അവകാശങ്ങളും അതിനുവേണ്ടിയുള്ള പോരാട്ടങ്ങളും പ്രമേയമാക്കി കമല്‍ കെ. എം സംവിധാനം ചെയ്യുന്ന ‘പട’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. കുഞ്ചാക്കോ ബോബന്, ജോജു ജോര്‍ജ്, വിനായകന്, ദിലീഷ് പോത്തന് എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. നായാട്ട്, ഭീമന്റെ വഴി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത കഥാപാത്രമാകും ചിത്രത്തിലേത്. മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്, പൃഥ്വിരാജ്, ജയസൂര്യ, ഫഹദ് ഫാസില്‍ തുടങ്ങിയ താരങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ട്രെയിലറിന് മികച്ച പ്രതികരണാണ് ലഭിച്ചത്.
ഒരു വലിയ അനീതിക്കെതിരെയുള്ള കലാപമാണിതെന്ന് പറഞ്ഞാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. 1996-ല്‍ അയ്യങ്കാളി പടയിലെ നാല് അംഗങ്ങള്‍ അന്നത്തെ പാലക്കാട് ജില്ലാ കളക്ടര്‍ ഡബ്ല്യു.ആര്. റെഡ്ഡിയെ വ്യാജ ആയുധങ്ങളുമായി ഒമ്പത് മണിക്കൂര്‍ അദ്ദേഹത്തിന്റെ ചേംബറില്‍ ബന്ദിയാക്കിയ യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് സിനിമ. 1996ല്‍ കേരള നിയമസഭ പാസാക്കിയ ഗോത്രവര്‍ഗ ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. യഥാര്‍ത്ഥ സംഭവങ്ങള്‍ ആസ്പദമാക്കിയാണ് സിനിമയെന്ന് ട്രെയിലറില്‍ പറയുന്നുണ്ട്. കുഞ്ചാക്കോ ബോബനും, വിനായകനും ജോജുവിനും പുറമേ തമിഴ് നടന് പ്രകാശ് രാജ്, ഇന്ദ്രന്‍സ്, സലിം കുമാര്‍, ജഗദീഷ്, ടി.ജി.രവി, ഷൈന്‍ ടോം ചാക്കോ, അര്ജുന് രാധാകൃഷ്ണന്, ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരന്, കനി കുസൃതി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ഇ ഫോര്‍ എന്റര്ടെയ്ന്മെന്റ്, എ.വി.എ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ മുകേഷ് ആര്. മെഹ്ത, എ.വി. അനൂപ്, സി.വി.സാരഥി എന്നിവര്‍ ചേര്‍ന്നാണ് ‘പട ‘ നിര്‍മ്മിക്കുന്നത്. സമീര്‍ താഹിറാണ് ഛായാഗ്രഹണം, എഡിറ്റിംഗ് ഷാന്‍ മുഹമ്മദും ശബ്ദ സംവിധാനം അജയന് അടാട്ടും നിര്‍വഹിച്ചിരിക്കുന്നു.