മധുരരാജയ്ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് നൈറ്റ് ഡ്രൈവ്. ഒരു രാത്രിയില്‍ കൊച്ചിയില്‍ നടക്കുന്ന സംഭവമാണ് കഥാ പശ്ചാത്തലം. റോഷന് മാത്യു, അന്ന ബെന്‍, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളാകുന്നു. മാര്‍ച്ച് പതിനൊന്നിന് റിലീസാകാനിരിക്കെ ചിത്രത്തിന്റെ കഥയെ കുറിച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പറഞ്ഞതാണ് ശ്രദ്ധേയമായിരിക്കുന്നത്.
ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് നൈറ്റ് ഡ്രൈവിന്റെ തിരക്കഥയൊരുക്കിയതെന്നാണ് അഭിലാഷ് പിള്ള പറയുന്നത്. ബാംഗ്ലൂരില്‍ തന്റെ സുഹൃത്തിന്റെ ജീവിതത്തില്‍ സംഭവിച്ച യഥാര്‍ത്ഥ സംഭവമാണ് നൈറ്റ് ഡ്രൈവിന്റെ തിരക്കഥയ്ക്ക് പ്രചോദനമായത്. ഒറ്റ രാത്രിയില്‍ നടക്കുന്ന കഥ തിരക്കഥയാക്കുന്നത് വെല്ലുവിളിയായിരുന്നുവെന്നും അഭിലാഷ് പിള്ള പറയുന്നു.
നൈറ്റ് ഡ്രൈവിന്റേയും പത്താംവളവിന്റേയും ഷൂട്ടിംഗ് ഒരേ സമയത്താണ് കൊച്ചിയില്‍ നടന്നത്. അതൊരു സ്വപ്നം പോലെയാണ് ഇപ്പോള്‍ തോന്നുന്നത്. പത്താംവളവിന്റെ ഷൂട്ടിംഗ് പകലും നൈറ്റ് ഡ്രൈവിന്റേത് രാത്രിയിലുമായിരുന്നുവെന്നും അഭിലാഷ് പിള്ള പറയുന്നു.