നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്ത അറ്റെന്‍ഷന്‍ പ്ലീസ് മലയാള സിനിമയുടെ മാറ്റത്തെ കൃത്യമായി പ്രതിഫലിപ്പിക്കുന്നുണ്ട്. ഇതുവരെ കണ്ടുപരിചിതമല്ലാത്ത രീതിയിലുള്ള കഥ പറച്ചിലാണ് സിനിമയുടെ മുഖ്യ ആകര്‍ഷണം. വെറും ആറ് കഥാപാത്രങ്ങളും ഒരു വീടും ! അത് മാത്രമാണ് സിനിമയിലുള്ളത്. എന്നാല്‍ രണ്ട് മണിക്കൂറോളം പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്നുണ്ട് ഈ ചിത്രം.
ജിതിന് ഐസക്ക് തോമസ് സംവിധാനം ചെയ്ത അറ്റെന്‍ഷന്‍ പ്ലീസ് ഹരി എന്ന കഥാപാത്രത്തെ ഫോക്കസ് ചെയ്താണ് മുന്നോട്ടു പോകുന്നത്. വിഷ്ണു ഗോവിനന്ദന് ആണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയെ സ്വപ്നം കാണുന്ന ഹരി കൂട്ടുകാര്‍ക്കിടയില്‍ വലിയ രീതിയില്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്നുണ്ട്. ഇപ്പോള്‍ മാത്രമല്ല പണ്ടും ഹരി ഈ ഒറ്റപ്പെടലുകളിലൂടെ കടന്നുപോയിട്ടുണ്ട്. സിനിമയെ സ്വപ്നം കാണുന്ന ഹരി കൂട്ടുകാര്‍ക്ക് പറഞ്ഞു കൊടുക്കുന്ന കഥകളാണ് അറ്റെന്‍ഷന്‍ പ്ലീസ് എന്ന ചിത്രം.
പ്രേക്ഷകരെ വല്ലാതെ അസ്വസ്ഥമാക്കുന്ന കഥാ പരിസരമാണ് ചിത്രത്തിന്റേത്. ആദ്യത്തെ ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ അത് മൂര്ധന്യാവസ്ഥയിലേക്ക് എത്തും. ഹരി പറയുന്ന കഥയും കഥാ സന്ദര്‍ഭങ്ങളും നമ്മള് മനസ്സില്‍ ആലോചിച്ചു പോകും. ആ സന്ദര്‍ഭങ്ങളിലൂടെ കടന്നു പോകുകയാണ് നമ്മളിപ്പോള്‍ എന്ന് പ്രേക്ഷകനും തോന്നും.
ജാതീയമായി, വര്‍ഗപരമായി, നിറത്തിന്റെ പേരില്‍ തുടങ്ങി താന്‍ അനുഭവിക്കുന്ന ഒറ്റപ്പെടലുകള്‍ ഹരി ഓരോ കഥയിലൂടേയും സുഹൃത്തുക്കളുമായി പങ്കുവെയ്ക്കുന്നു. സമൂഹത്തിന്റെ ഒറ്റപ്പെടുത്തലുകള്‍ തന്നിലുണ്ടാക്കുന്ന ഇന്‍സെക്യൂരിറ്റികളെ ഹരി പറഞ്ഞുവയ്ക്കുന്നുണ്ട്. അതിന്റെയെല്ലാം എക്സ്ട്രീമിലേക്ക് എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് കിട്ടുന്ന വല്ലാത്ത കിക്ക് പോലൊരു സിനിമാ അനുഭവം ഉണ്ട്. അതാണ് അറ്റെന്‍ഷന്‍ പ്ലീസ് എന്ന സിനിമയുടെ മുഖ്യ ആകര്‍ഷണം.
പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ആറ് പേരും ഞെട്ടിച്ചു. വിഷ്ണു ഗോവിന്ദന് എത്രത്തോളും കാലിബറുള്ള അഭിനേതാവാണെന്ന് വ്യക്തമാക്കുന്നതാണ് ഓരോ സീനും. കഥ പറച്ചിലുകളും ഏച്ചുകെട്ടലുകള്‍ ഇല്ലാതെ പ്രേക്ഷകന് മനസ്സില്‍ തട്ടും വിധം അവതരിപ്പിക്കണമെങ്കില്‍ പ്രത്യേക കഴിവ് വേണം. സൗണ്ട് മോഡുലേഷനില്‍ അടക്കം സൂക്ഷ്മത പുലര്‍ത്തിയാലേ അതിനു സാധിക്കൂ. അവിടെയെല്ലാം വളരെ കയ്യടക്കമുള്ള, പരിചയസമ്പത്തുള്ള ഒരു നടനെ പോലെ വിഷുണു ഗോവിന്ദന് അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകരെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട് ഹരി എന്ന കഥാപാത്രം. ആതിര കല്ലിങ്കല്‍, ശ്രീജിത്ത്, ആനന്ദ് മന്മദന്, ജോബിന് പോള്‍, ജിക്കി പോള്‍ എന്നിവരുടെ പ്രകടനങ്ങളും ഗംഭീരം. അഭിനേതാക്കളുടെ പെര്‍ഫോമന്‍സിനൊപ്പം എടുത്തുപറയേണ്ടത് സിനിമയുടെ പശ്ചാത്തല സംഗീതമാണ്. അരുണ്‍ വിജയ് നല്‍കിയിരിക്കുന്ന പശ്ചാത്തല സംഗീതം സിനിമയുടെ ജീവനാണ്.