കള്ളനും പോലീസും കളി പ്രമേയമായി വന്ന നിരവധി ചിത്രങ്ങൾ മലയാളത്തിലുണ്ട്. മമ്മൂട്ടി ചിത്രം കളിക്കളം, പൃഥ്വിരാജ് നായകനായ റോബിൻഹുഡ് എന്നിങ്ങനെ ആ ജോണറുകളിൽ പെട്ട ചിത്രങ്ങളിലേക്ക് കിടിലൻ ആക്ഷൻ രംഗങ്ങളുമായി എത്തിച്ചേർന്നിരിക്കുന്ന ചിത്രമാണ് ദിലീപും തമിഴ് സൂപ്പർതാരം അർജുനും നായകനായ ജാക്ക് ഡാനിയൽ. ദിലീപ് ചിത്രം സ്പീഡ് ട്രാക്ക്, മോഹൻലാൽ ചിത്രം ഏയ്ഞ്ചൽ ജോൺ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത എസ് എൽ പുരം ജയസൂര്യ പത്ത് വർഷങ്ങൾക്ക് ഇപ്പുറം സംവിധാനം നിർവഹിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ജാക്ക് & ഡാനിയലിനുണ്ട്.
ഒന്നര വർഷത്തിനിടെ 14 തവണ കൊള്ളയടി നടത്തിയ, വിരലടയാളമോ പേരോ മുഖമോ പോലും ശേഷിപ്പിക്കാതെ മുങ്ങി നടക്കുന്ന ഒരു കള്ളനെ പിടികൂടുവാൻ ഒരു പുതിയ ഓഫീസർ നിയമിതനാകുന്നു. ഡാനിയൽ അലക്സാണ്ടർ എന്ന ആ ഉദ്യോഗസ്ഥൻ ഈ മോഷണങ്ങൾക്ക് എല്ലാം പിന്നിൽ ജാക്ക് എന്ന ബിസിനസ്മാൻ ആണെന്ന് തിരിച്ചറിയുന്നു. അഴിമതിക്കാരായവരുടെ പണം മാത്രം തട്ടിയെടുക്കുന്ന ജാക്കിന് ഇതിനിടയിൽ ഒരു പ്രണയവും ജനിക്കുന്നു. ജാക്കും ഡാനിയലും തമ്മിലുള്ള ഒരു ക്യാറ്റ് & മൗസ് ഗെയിമാണ് പ്രേക്ഷകന് പിന്നീട് ചിത്രത്തിൽ കാണുവാൻ സാധിക്കുന്നത്. തീ പാറുന്ന ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈ ലൈറ്റ്. ആക്ഷൻ കൊറിയോഗ്രാഫറായ പീറ്റർ ഹെയ്ന്റെ മറ്റൊരു മികച്ച ആക്ഷൻ ചിത്രമെന്ന് ഉറപ്പിക്കാവുന്ന ജാക്ക് ഡാനിയലിൽ പീറ്റർ ഹെയ്ൻ അപ്രതീക്ഷിത എൻട്രി നടത്തുകയും ചെയ്യുന്നുണ്ട്.
കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായ ദിലീപ് മീശമാധവൻ, വെട്ടം, ക്രേസി ഗോപാലൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ കള്ളനായി വന്ന് പ്രേക്ഷകരുടെ കൈയ്യടികൾ നേടിയിട്ടുണ്ട്. പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ തന്നെയാണ് ജാക്ക് ഡാനിയലിലും ദിലീപ് ജാക്കിന്റെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. അതോടൊപ്പം തന്നെ കിടിലൻ ആക്ഷൻ കൂടിയായപ്പോൾ ജാക്ക് തകർത്തു. ആക്ഷൻ കിംഗ് അർജുനും കൂടി ഒത്തു ചേർന്നപ്പോൾ കട്ടക്ക് നിൽക്കുന്ന ഒരു പ്രകടനം തന്നെ ഇരുവരിൽ നിന്നും ലഭിക്കുകയും ചെയ്തു. സൈജു കുറുപ്പിന്റെയും അശോകന്റെയും റോളുകൾ ഏറെ പൊട്ടിച്ചിരിപ്പിക്കുകയും നായിക അഞ്ചു കുര്യൻ ദിലീപിനൊപ്പമുള്ള കെമിസ്ട്രി ഏറെ വർക്ക് ഔട്ട് ആവുകയും ചെയ്തിട്ടുണ്ട്. എങ്കിൽ പോലും നായികക്ക് തക്കതായ ഒരു സ്പേസ് ലഭിച്ചിട്ടില്ല. കഥയിൽ പറയത്തക്ക പുതുമ ഒന്നും തന്നെ ഇല്ലെങ്കിലും പ്രേക്ഷകനെ പിടിച്ചിരുത്തുന്ന രീതിയിലുള്ള ഒരു അവതരണം ഉണ്ടായിട്ടുണ്ട്.
സംവിധായകൻ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പുതുമ ഒന്നും അവകാശപ്പെടാനില്ലെങ്കിലും ദിലീപിനും അർജുനും നിറഞ്ഞാടാനുള്ള അവസരം അദ്ദേഹം തിരക്കഥയിൽ നീക്കി വെച്ചിട്ടുണ്ട്. ഷാൻ റഹ്മാന്റെ സംഗീതവും ശിവകുമാർ വിജയുടെ ഛായാഗ്രഹണവും പ്രേക്ഷകർക്ക് ചിത്രത്തെ ആസ്വാദ്യകരമാക്കിയിട്ടുണ്ട്. ഒരു പക്കാ ആക്ഷൻ ചിത്രം കൊതിക്കുന്നവർക്ക് ഉള്ളൊരു ചിത്രം തന്നെയാണ് ജാക്ക് ഡാനിയൽ.