ഓസ്കര് നോമിനേഷന് ഫൈനല്‍ ലിസ്റ്റില്‍ നിന്ന് ഇന്ത്യന്‍ ചിത്രങ്ങളായ ജയ് ഭീമും മരക്കാറും പുറത്ത്. രണ്ട് ചിത്രങ്ങള്‍ക്കും ലിസ്റ്റില്‍ ഇടംപിടിക്കാനായില്ല. അതേസമയം, ഇന്ത്യന്‍ ഡോക്യുമെന്ററി റൈറ്റിംഗ് വിത്ത് ഫയര്‍ ഓസ്കര് നോമിനേഷന് പട്ടികയില്‍ ഇടംപിടിച്ചു.
സൂര്യ കേന്ദ്രകഥാപാത്രമായി എത്തിയ ജയ് ഭീമും മോഹന്‍ലാലിന്റെ മരക്കാറുമായിരുന്നു ഓസ്കറില് ഇന്ത്യയുടെ പ്രതീക്ഷകള്‍. ആദ്യ പട്ടികയില്‍ ഇടം പിടിച്ചു പ്രതീക്ഷയുണര്‍ത്തിയ ഈ ചിത്രങ്ങള്‍ക്ക് പക്ഷെ ഏറ്റവും അവസാനത്തെ റൗണ്ടില്‍ ഇടം പിടിക്കാന്‍ സാധിച്ചില്ല എന്നത് നിരാശ ഉണ്ടാക്കി. ജനുവരി 21 ന് ഓസ്കാര്‍ അവാര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തുവിട്ട 276 ചിത്രങ്ങളുടെ പരിഗണനപ്പട്ടികയിലായിരുന്നു ഈ ചിത്രങ്ങള്‍ ഇടം നേടിയത്.
മികച്ച നടന്, നടി, ചിത്രം തുടങ്ങി 23 വിഭാഗങ്ങളിലേക്കായുള്ള നോമിനേഷനുകളാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഹോളിവുഡ് താരങ്ങളായ ലെസ്ലി ജോര്‍ദാനും ട്രേസി എല്ലിസ് റോസും ചേര്‍ന്നാണ് ഇത്തവണ നോമിനേഷന് കിട്ടിയ ചിത്രങ്ങളുടെ ലിസ്റ്റ് പ്രഖ്യാപിച്ചത്. സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ വെസ്റ്റ് സൈഡ് സ്റ്റോറി മികച്ച സംവിധായകനുള്ള നോമിനേഷന് പട്ടികയില്‍ ഇടം നേടിയപ്പോള്‍ ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡ്, വില്‍ സ്മിത്ത് തുടങ്ങിയ താരങ്ങള്‍ മികച്ച നടനായുള്ള പട്ടികയിലും ഇടം പിടിച്ചിട്ടുണ്ട്. ജെസീക്ക ചാസ്റ്റെയ്ന്‍, ഒലിവിയ കോള്മാന്, പെനലോപ്പ് ക്രൂസ്, നിക്കോള്‍ കിഡ്മാന്, ക്രിസ്റ്റന്‍ സ്റ്റുവര്‍ട്ട് എന്നിവര്‍ ആണ് മികച്ച നടിക്കുള്ള നോമിനേഷനില്‍ ഉള്‍പ്പെട്ടത്.