എം.എസ്.എഫിന്റെ ക്യാമ്പിന് പോയതിന്റെ പേരില്‍ അര്‍ഹതപ്പെട്ട അവാര്‍ഡ് കിട്ടുന്നില്ലെങ്കില്‍ ആ നഷ്ടമാണ് തനിക്ക് കിട്ടുന്ന ഏറ്റവും വലിയ അവാര്‍ഡ് എന്ന് ജനഗണമന സിനിമയുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്. എം.എസ്.എഫിന്റെ പരാപാടിയില്‍ പങ്കെടുക്കുന്നതിനെപ്പറ്റി ചില സുഹൃത്തുക്കളോട് പറഞ്ഞപ്പോള്‍ അവര്‍ വിലക്കിയിരുന്നു. ജനഗണമന നല്ല രീതിയില്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്നും വേണ്ടാത്തപണിക്ക് പോകേണ്ട എന്നുമാണ് പറഞ്ഞത്. അങ്ങനെ ചെയ്താല്‍ സംസ്ഥാന പുരസ്കാരത്തിന് പരിഗണിക്കില്ലെന്നും പറഞ്ഞിരുന്നുവെന്നും ഷാരിസ് പറഞ്ഞു.
ജനഗണമന റിലീസ് ചെയ്തതിന് പിന്നാലെ എസ്ഡിപിഐ അവരുടെ മൂവി ക്ലബ് ഉദ്ഘാടനത്തിന് വിളിച്ചു. താന്‍ വരില്ലെന്ന് പറഞ്ഞു. ഡിജോ ജോസിനെ വിളിച്ചോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു പറഞ്ഞത്. അവര്‍ക്ക് വേണ്ടത് തന്റെ പേരിന്റെ അറ്റത്തുള്ള മുഹമ്മദായിരുന്നു. അതിന് ശേഷം ഫ്രറ്റോണിറ്റിയുടെ നേതാവ് അവരുടെ ഇസ്ലാമോഫോബിയ സമ്മേളനത്തിലേക്ക് വിളിച്ചു. തനിക്കെന്ത് ഇസ്ലാമോഫോബിയ എന്ന് താന്‍ ചോദിച്ചു. ഡിജോയെ വിളിക്കാത്ത കാര്യം അവിടെയും താന്‍ ആവര്‍ത്തിച്ചു. അവര്‍ക്ക് വേണ്ടതും തന്നെയായിരുന്നുവെന്നും ഷാരിസ് പറഞ്ഞു. ഇതിന് പിന്നാലെ ഷാഫി പറമ്പില്‍ വിളിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിറില്‍ പങ്കെടുക്കാനായിരുന്നു വിളിച്ചത്. അതിന് വരാം എന്നായിരുന്നു മറുപടി. അവര്‍ തന്റെ പേരിന്റെ മുഹമ്മദ് കണ്ടല്ല വിളിച്ചത് എന്നതുകൊണ്ടായിരുന്നു അതെന്നും ഷാരിസ് കൂട്ടിച്ചേര്‍ത്തു.
ഫാസിസത്തെക്കുറിച്ച് അന്വേഷിച്ച് ഉത്തര്പ്രദേശിലേക്കൊന്നും പോകേണ്ടെന്നും ഷാരിസ് പറഞ്ഞു. കെ റെയിലിനെക്കുറിച്ച് ഒരു കവിതയെഴുതിയതിന്റെ പേരില്‍ കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിനെ അപമാനിച്ചു. തനിക്ക് കെ റെയില്‍ വേണ്ടെന്നും രണ്ട് മണിക്കൂറിന്റെ ലാഭം വേണ്ടെന്നും ഷാരിസ് പറഞ്ഞു.