ശ്രീദേവിയുടെ മകള്‍ എന്ന ലേബലില്‍ നിന്നും ഒരു നല്ല അഭിനേത്രി എന്ന നിലയിലേക്ക് എത്തി നില്‍ക്കുകയാണ് ജാന്‍വി കപൂര്‍ ഇന്ന്. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താര പുത്രി കൂടിയാണ് ജാന്‍വി. ഇപ്പോഴിതാ തന്റെ വിവാഹ സ്വപ്നങ്ങളെകുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ജാന്‍വി. രണ്ട് ദിവസത്തെ ആഘോഷ ചടങ്ങുകള്‍ കല്യാണത്തിനുണ്ടാകുമെന്നാണ് ജാന്‍വി പറയുന്നത്. കാപ്രിയിലെ ഉല്ലാസ നൗകയിലായിരിക്കും ബാച്ചിലര്‍ പാര്‍ട്ടി അരങ്ങേറുന്നത്. തിരുപ്പതിയില്‍ വെച്ച് വിവാഹ ചടങ്ങുകള്‍ നടത്താനാണ് താരത്തിന്റെ ആഗ്രഹം.
മെഹന്ദി ചടങ്ങുകള്‍ അമ്മ ശ്രീദേവിയുടെ മൈലാപൂരിലുള്ള തറവാട്ടില്‍ വച്ചായിരിക്കും. വീട് മുഴുവന്‍ മെഴുകുതിരി വെളിച്ചം നിറച്ച് കാഞ്ചീപുരം പട്ട് സാരി അണിഞ്ഞ് സര്‍വ്വാഭരണവിഭൂഷിതയായി നവവധുവായി ഒരുങ്ങി നില്ക്കുമ്പോള് അച്ഛന് ബോണി കപൂര്‍ വികാരഭരിതനായിരിക്കും. സഹോദരി അന്‍ഷുള കപൂര്‍ എല്ലാ കാര്യങ്ങളിലും മേല്‍നോട്ടം വഹിച്ചു നില്‍ക്കുമെന്നും ജാന്‍വി പറഞ്ഞു.
ഗുജ്ജന്‍ സക്സേന ആണ് ജാന്‍വിയുടെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇത് ബോക്സോഫിസില്‍ നല്ല വിജയം നേടുകയും ചെയ്തിരുന്നു. കാര്‍ത്തിക് ആര്യനൊപ്പം ദോസ്ത്താന രണ്ടാം ഭാഗമാണ് ഇനി ജാന്‍വിയുടെതായി പുറത്തു വരാനുള്ള ചിത്രം.