സുരേഷ് ഗോപിക്ക് നാഷണല്‍ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമായിരുന്നു കളിയാട്ടം. ജയരാജായിരുന്നു ചിത്രത്തിന്റെ സംവിധായകന്. ഇരുപത്തിയേഴ് വര്‍ഷത്തിന് ശേഷം ജയരാജും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ‘ഒരു പെരുങ്കളിയാട്ടം’ എന്നാണ് ചിത്രത്തിന്റെ പേര്. തെയ്യങ്ങളുടെ പശ്ചാത്തലത്തിലുള്ള ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ഹിറ്റുകളില്‍ ഒന്നാണ് ‘കാളിയാട്ടം’. തെയ്യം തന്നെയായിരുന്നു കളിയാട്ടത്തിന്റെയും പശ്ചാത്തലം. പേരുകളും പശ്ചാത്തലവും തമ്മില്‍ സാമ്യമുണ്ടെങ്കിലും മുന്‍ സിനിമയുമായി പെരുങ്കളിയാട്ടത്തിന് ബന്ധമൊന്നുമില്ലെന്നും ജയരാജ് അറിയിച്ചിട്ടുണ്ട്. വില്ല്യം ഷേക്സ്പിയറുടെ ‘ഒഥല്ലോ’ എന്ന നാടകത്തെ ആസ്പദമാക്കിയായിരുന്നു കളിയാട്ടം ഒരുങ്ങിയത്. ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയത് ബല്‍റാം മട്ടന്നൂര്‍ ആയിരുന്നു.
മഞ്ജുവാര്യര്‍ ആയിരുന്നു ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. ബിജു മേനോന്, ലാല്‍, ബിന്ദു പണിക്കര്‍, നരേന്ദ്രപ്രസാദ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരന്നു. അതേസമയം സുരേഷ് ഗോപി അഭിനയിച്ച തമിഴ് ചിത്രം ‘തമിഴരശന്’ റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. വിജയ് ആന്റണിയാണ് ചിത്രത്തില്‍ നായകന്. മലയാളത്തില്‍ നിന്ന് രമ്യാ നമ്പീശനും ചിത്രത്തിന്റെ ഭാഗമാണ്. പല കാരണങ്ങളാല്‍ റിലീസ് നീണ്ടുപോയ ചിത്രം മാര്‍ച്ച് 31ന് ആണ് തീറ്ററുകളില്‍ എത്തുക.