മലയാളികളുടെ എക്കാലത്തേയും പ്രിയ താരമാണ് ജയറാം. മണി രത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വനില്‍ ജയറാം അഭിനയിക്കുന്നുണ്ട്. റിലീസ് കാത്തിരിക്കുകയാണ് ചിത്രം. അടുത്തതായി മലയാളത്തില്‍ ഒരു ചിത്രം ചെയ്യാന്‍ പോവുകയാണ് താരം. സത്യന് അന്തിക്കാട് ഒരുക്കുന്ന ചിത്രത്തില്‍ മീര ജാസ്മിന് ആണ് നായിക.
ഇപ്പോഴിതാ തെന്നിന്ത്യയിലെ ഏറ്റവും വലിയ സംവിധായകരില്‍ ഒരാളായ ശങ്കര്‍ ഒരുക്കുന്ന ചിത്രത്തിലും ജയറാം അഭിനയിക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ശങ്കര്‍ സംവിധാനം ചെയ്യുന്ന രാം ചരണ്‍ ചിത്രത്തിലാണ് ജയറാം അഭിനയിക്കുന്നതെന്നാണ് സൂചന. പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെയാകും ജയറാം അവതരിപ്പിക്കുക. ഇതിനു മുന്‍പ് തെലുങ്കില്‍ അല്ലു അര്ജുന് നായകനായ ചിത്രം അലാ വൈകുണ്ഠപുരം, അനുഷ്ക ഷെട്ടി നായികയായ ഭാഗമതി എന്നീ ചിത്രങ്ങളില്‍ ജയറാം അഭിനയിച്ചിട്ടുണ്ട്.
പ്രഭാസ് നായകനായ തെലുങ്ക് ചിത്രം രാധേ ശ്യാം എന്ന ചിത്രം മഹേഷ് ബാബു നായകനായ ചിത്രം എന്നിവയിലും ജയറാം അഭിനയിക്കുന്നുണ്ട്. രാം ചരണിന്റെ 15-ാം ചിത്രമാണ് ശങ്കര്‍ സംവിധാനം ചെയ്യാന്‍ പോകുന്നത്. അടുത്ത വര്‍ഷമാണ് ഈ ചിത്രം ആരംഭിക്കുക എന്നാണ് വിവരം. കമല്‍ ഹാസന് നായകനായ ഇന്ത്യന്‍ 2 , രണ്‍വീര്‍ സിങ് നായകനായ ബോളിവുഡ് ചിത്രം എന്നിവയും ശങ്കറിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്. നടന് ഫഹദ് ഫാസിലും, ശങ്കര്‍- രാം ചരണ്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.