ഒരു ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് വമ്പൻ തിരിച്ചുവരവിന് ഒരുങ്ങി സൂപ്പർ താരം ജയറാം. യുവതലമുറയിലെ ഹിറ്റ് മേക്കർ മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന പുതിയ ചിത്രം “അബ്രഹാം ഓസ്ലർ” പ്രഖ്യാപിച്ചു. ഒരു സസ്പെൻസ് ത്രില്ലർ സിനിമയായാണ് അബ്രഹാം ഓസ്ലർ ഒരുങ്ങുന്നത്. ബ്ലോക്ക് ബസ്റ്റർ ചിത്രം അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന ത്രില്ലർ ചിത്രം എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. നേരമ്പോക്കിന്റെ ബാനറിൽ ഇർഷാദ് എം ഹസ്സനാണ് ചിത്രം നിർമ്മിക്കുന്നത്.
പട്ടാഭിരാമൻ, മകൾ എന്നിവയാണ് അവസാനമായി പുറത്തിറങ്ങിയ ജയറാമിന്റെ മലയാള ചിത്രങ്ങൾ. ഒരു ഇടവേളക്കുശേഷം മോളിവുഡിലെ യുവ ഹിറ്റ് മേക്കറുമായി മലയാളികളുടെ പ്രിയതാരം കൈകോർക്കുമ്പോൾ പ്രേക്ഷക പ്രതീക്ഷകളും വാനോളമാണ്. അങ്ങ് വൈകുണ്ഠപുരത്ത്, രാധേ ശ്യാം, പൊന്നിയിൻ സെൽവൻ, ധമാക്ക, രാവണാസുര എന്നിങ്ങനെ തെലുങ്കിലും തമിഴിലുമായി മികച്ച പ്രകടനമാണ് ജയറാം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. വിജയ് ദേവരകൊണ്ട ചിത്രം ഖുഷി, രാംചരൺ – ശങ്കർ ചിത്രം ഗെയിം ചേഞ്ചർ, മഹേഷ് ബാബു – ത്രിവിക്രം ചിത്രം എന്നിങ്ങനെ നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുമുണ്ട്.
അബ്രഹാം ഓസ്ലറിൽ ജയറാമിനൊപ്പം അർജുൻ അശോകൻ, അനശ്വര രാജൻ, ജഗദീഷ്, സായ്കുമാർ, ദിലീഷ് പോത്തൻ, സെന്തിൽ കൃഷ്ണ, ആര്യ സലിം, അർജുൻ നന്ദകുമാർ, അസിം ജമാൽ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. രചന ഡോക്ടർ രൺധീർ കൃഷ്ണൻ. ക്യാമറ – തേനി ഈശ്വർ. എഡിറ്റ് – സൈജു ശ്രീധരൻ, സംഗീതം – മിഥുൻ മുകുന്ത്, ആർട്ട് – ഗോകുൽ ദാസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജോൺ മന്ത്രിക്കൽ, ലൈൻ പ്രൊഡ്യൂസർ – സുനിൽ സിംഗ്. കോഴിക്കോട്, തൃശൂർ, കോയമ്പത്തൂർ, വയനാട് എന്നിവിടങ്ങളിൽ ആണ് പ്രധാന ലൊക്കേഷനുകൾ.