സിനിമയിൽ വരുന്നതിനു മുമ്പേ ഭാവനയെ അറിയാമെന്നും ഒരുപാട് കാലത്തെ പരിചയമുണ്ടെന്നും സംവിധായകനും നടനുമായ ജീൻ പോൾ ലാൽ. പുതിയ ചിത്രം കൊറോണ പേപ്പേഴ്സിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സിനിമ ഡാഡിക്ക് നൽകിയ അഭിമുഖത്തിലാണ് ജീൻ പോൾ ഭാവനയുമായുള്ള സൗഹൃദത്തെക്കുറിച്ച് മനസ് തുറന്നത്. ഭാവനയെക്കുറിച്ചുള്ള ചോദ്യത്തിന്, ‘ഭാവന മുത്തല്ലേ’ എന്ന് പറഞ്ഞാണ് തുടങ്ങിയത്.
‘ഭാവന മുത്തല്ലേ, സിനിമയിൽ വരുന്നതിന് ഒരുപാടു കാലം മുമ്പേ പരിചയം ഉണ്ട്. ഫാമിലി ആയിട്ട് അറിയാം, പേഴ്സണലി ഭയങ്കര ഇഷ്ടമുള്ള കുട്ടിയാ. പിന്നെ ഞാൻ ആദ്യത്തെ സിനിമ ചെയ്യുമ്പോൾ അവള് തന്നെ ആയിരിക്കും നായികയെന്ന് എനിക്ക് ഉറപ്പായിരുന്നു. അത് നേരത്തെ തീരുമാനിച്ചതാണ്. ആസിഫ് അതു കഴിഞ്ഞിട്ടാണ് വന്നത്. അതിനു മുമ്പേ ഞങ്ങള്‍ ഫ്രണ്ട്സ് ആണ്, ഞങ്ങള്‍ ഉറപ്പിച്ചിട്ടുള്ള കാര്യമാണ്. ഞങ്ങള്‍ കഴിഞ്ഞദിവസം കൂടി കൂടിയതേ ഉള്ളൂ, എന്റെ സിനിമയിലെ വളരെ അടുത്ത സുഹൃത്താണ്. എപ്പോഴും വിളിക്കേണ്ട ആവശ്യം ഒന്നുമില്ലാത്ത, ഞങ്ങൾ എപ്പോൾ കണ്ടാലും പഴയതു പോലെ തന്നെയാണ്.’ – ജീൻ പോൾ പറഞ്ഞു.
2013ല്‍ പുറത്തിറങ്ങിയ ഹണി ബീ ആണ് ജീൻ പോൾ ലാൽ സംവിധാനം ചെയ്ത ആദ്യചിത്രം. ഭാവന ആയിരുന്നു ഈ ചിത്രത്തിൽ നായിക. ആസിഫ് അലി നായകനായി എത്തിയ ചിത്രത്തിന്റെ രണ്ടാംഭാഗം ഹണി ബീ 2 2017ല്‍ റിലീസ് ചെയ്തു. 2014ല്‍ ഹായ് ആം ടോണി, 2019ല്‍ പൃഥ്വിരാജ് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡ്രൈവിംഗ് ലൈസന്‍സ് എന്നീ ചിത്രങ്ങളും റിലീസ് ചെയ്തു.