ബോളിവുഡ് താരം ജോണ്‍ എബ്രഹാം അവതരിപ്പിക്കുന്ന മലയാള ചിത്രമാണ് മൈക്ക്. അനശ്വര രാജന് നായികയായി എത്തുന്ന ചിത്രത്തില്‍ പുതുമുഖ താരം രഞ്ജിത്ത് സജീവാണ് നായകന്. മോണോലോഗ് വിഡിയോകളിലൂടെയാണ് അഭിനയമെന്ന സ്വപ്നത്തിലേക്ക് രഞ്ജിത്ത് നടന്നടുത്തത്. മൈക്കിലൂടെ മലയാള സിനിമയ്ക്ക് ഒരു പുതുമുഖ നായകനെക്കൂടി ലഭിക്കുകയാണ്. ട്രെയിലറില്‍ നിന്നും പുറത്തിറങ്ങിയ ഗാനങ്ങളില്‍ നിന്നും ചിത്രത്തില്‍ മികച്ച പ്രകടനാണ് രഞ്ജിത്ത് കാഴ്ചവച്ചിരിക്കുന്നതെന്ന് വ്യക്തമാണ്.
മൂന്ന് ഗാനങ്ങളാണ് മൈക്കിലേതായി പുറത്തിറങ്ങിയത്. ഇതില്‍ രണ്ട് ഗാനരംഗങ്ങളിലാണ് രഞ്ജിത്തുള്ളത്. ഇതില്‍ ഒരു ഗാനത്തില്‍ അടിപൊളി ചുവടുകളുമായാണ് രഞ്ജിത്ത് എത്തിയത്. രഞ്ജിത്തിനൊപ്പം മൈക്കിലെ ഗാനത്തിന് ചുവടുവച്ച് റംസാന് മുഹമ്മദും മറ്റു സോഷ്യല്‍ മീഡിയാ താരങ്ങളും എത്തിയിരുന്നു. ഈ ഗാനം യൂട്യൂബില്‍ ട്രെന്‍ഡിംഗാകുകയും ചെയ്തു. ഏറെ അഭിനയ സാധ്യതയുള്ള റോളാണ് അനശ്വര രാജനൊപ്പം മൈക്കില്‍ രഞ്ജിത് ചെയ്തിരിക്കുന്നത്.
വിഷ്ണു പ്രസാദാണ് മൈക്ക് സംവിധാനം ചെയ്തിരിക്കുന്നത്. ആഷിഖ് അക്ബര്‍ അലിയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് ചിത്രം പറയുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ളതാണ് ചിത്രം. സെഞ്ച്വറിയാണ് ചിത്രം വിതരണം ചെയ്യുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് രണദിവെയാണ്.
രോഹിണി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്, അഭിറാം രാധാകൃഷ്ണന്, സിനി എബ്രഹാം, രാഹുല്‍, നെഹാന്‍, റോഷന് ചന്ദ്ര, ഡയാന ഹമീദ്, വെട്ടുകിളി പ്രകാശ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വിവേക് ഹര്‍ഷനാണ് ചിത്രസംയോജനം. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, റഫീഖ് അഹമ്മദ്, സുഹൈല്‍ കോയ, അരുണ്‍ ആലാട്ട്, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.