പൈറേറ്റ്സ് ഓഫ് ദി കരീബിയന്‍ എന്ന ചിത്രത്തിലൂടെ ലോക സിനിമയുടെ നെറുകയിലേക്ക് ഉയര്‍ന്ന നടനാണ് ജോണി ഡെപ്പ്. ലോകത്തില്‍ ഏറ്റവും അധികം പ്രതിഫലം കൈപ്പറ്റുന്ന നടന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തു വരെ താരം എത്തിയിട്ടുണ്ട്. മുന്‍ ഭാര്യയും നടിയുമായ ആംബര്‍ ഹേര്‍ഡുമായുള്ള മാനനഷ്ടക്കേസില്‍ അടുത്തിടെയാണ് ഡെപ്പിനനുകൂലമായ കോടതി വിധി വന്നത്. ഇത് ആഘോഷമാക്കുകയാണ് താരം.
സുഹൃത്തും ഗിറ്റാറിസ്റ്റുമായ ജെഫ് ബെക്കിനൊപ്പം ബ്രിട്ടനില്‍ ഉല്ലാസയാത്ര നടത്തുകയാണ് താരം. ബെര്‍മിങ്ഹാമിലെ ഇന്ത്യന്‍ ഭക്ഷണശാലയായ ‘വാരണസി’യില്‍ എത്തിയ താരം അവിടത്തെ ഇന്ത്യന്‍ ഭക്ഷണം ആസ്വദിച്ചു. ഇതോടൊപ്പം കോക്ടെയിലും റോസ് ഷാംപെയ്നുമാണ് കഴിച്ചത്. ഇതിന് പിന്നാലെ ജീവനക്കാരെ ഞെട്ടിച്ച് ജെഫ് ബെക്കും ജോണി ഡെപ്പും ചേര്‍ന്ന് 48 ലക്ഷം രൂപ ടിപ്പായി നല്കി.
ജോണി ഡെപ്പ് ഹോട്ടലില്‍ വരുന്നുവെന്നുള്ള ഫോണ്‍ കോള്‍ വന്നപ്പോള്‍ വിശ്വസിച്ചില്ലെന്ന് ഓപ്പറേഷന്‍സ് ഡയറക്ടര്‍ മുഹമ്മദ് ഹുസൈന് പറഞ്ഞു. ആരെങ്കിലും കളിയാക്കുകയാണെന്നാണ് കരുതിയത്. ഇതിന് പിന്നാലെ ഡെപ്പിന്റെ സുരക്ഷാ ജീവനക്കാര്‍ എത്തി വിവരങ്ങള്‍ അന്വേഷിച്ചു. ശേഷം ഹോട്ടല്‍ മുഴുവനായും ഡെപ്പിനായി ബുക്ക് ചെയ്യുകയായിരുന്നുവെന്നും മുഹമ്മദ് ഹുസൈന് പറഞ്ഞു.