മലയാള സിനിമയില്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് ജോജു ജോര്‍ജ്-മാര്ട്ടിന് പ്രക്കാട്ട്. 2015 ല്‍ പുറത്തിറങ്ങിയ ചാര്‍ളിയിലൂടെയാണ് ഇരുവരും കൈകോര്‍ത്തത്. മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയായിരുന്നു ജോജു. തുടര്‍ന്ന് ഇരുവരും കൈകോര്‍ത്ത സിനിമകളെല്ലാം ഹിറ്റ്. ഇപ്പോഴിതാ വീണ്ടും ഹിറ്റടിക്കാന്‍ ഒരുങ്ങുകയാണ് ഇരുവരും. മാര്ട്ടിന് പ്രക്കാട്ടും ജോജു ജോര്‍ജും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
2010 ല്‍ പുറത്തിറങ്ങിയ ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രം സംവിധാനം ചെയ്താണ് മാര്ട്ടിന് പ്രക്കാട്ട് സിനിമാലോകത്തേക്ക് എത്തിയത്. ചിത്രം വന്‍ വിജയമായിരുന്നു. തുടര്‍ന്ന് ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഒരുക്കിയ ചാര്‍ളിയും വമ്പന്‍ വിജയമായി. ദുല്‍ഖര്‍ അവതരിപ്പിച്ച ചാര്‍ളി യുവാക്കള്‍ക്കിടയില്‍ തരംഗമായി മാറി. ഇതിന്റെ നിര്‍മാണ പങ്കാളിയായാണ് ജോജുവും മാര്ട്ടിന് പ്രക്കാട്ടും ആദ്യമായി ഒന്നിച്ചത്. ഇതിന് ശേഷം ഇരുവരും ഒന്നിച്ചത് മഞ്ജുവാര്യര്‍ നായികയായി എത്തിയ ഉദാഹരണം സുജാതയ്ക്ക് വേണ്ടിയായിരുന്നു. ഫാന്റം പ്രവീണ്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ജോജു ജോര്‍ജും ചിത്രത്തില്‍ ഒരു നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
2021ല്‍ പുറത്തിറങ്ങിയ നായാട്ടിന് വേണ്ടിയാണ് ജോജുവും മാര്‍ട്ടിനും വീണ്ടും ഒന്നിച്ചത്. മാര്ട്ടിന് പ്രക്കാട്ട് സംവിധായകനും നിര്‍മാതാവുമായ ചിത്രത്തില്‍ ജോജു നിര്‍ണായക വേഷം ചെയ്തു. ഇത്തവണ ജോജു നിര്‍മാണ പങ്കാളിത്തത്തില്‍ ഉണ്ടായിരുന്നില്ല. കുഞ്ചാക്കോ ബോബന്, നിമിഷ സജയന് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നായാട്ടിലെ അഭിനയത്തിന് ജോജു ജോര്‍ജ്ജിന് 2022 ലെ മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു. അതോടൊപ്പം മികച്ച സംവിധായകന് ഉള്ള അവാര്‍ഡ് മാര്ട്ടിന് പ്രക്കാര്‍ട്ടിന്‍ ലഭിക്കുകയും ചെയ്തിരുന്നു.
ജോജുവും മാര്ട്ടിന് പ്രക്കാട്ടും വീണ്ടും ഒന്നിക്കുന്നു എന്നത് പ്രേക്ഷകരെ ആകാംക്ഷയിലാക്കിയിട്ടുണ്ട്. ജോജു ആദ്യമായി ഇരട്ട വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ രോഹിത് എം. ജി കൃഷ്ണന് ആണ്. തികച്ചും വ്യത്യസ്തരായ രണ്ട് ഇരട്ട സഹോദരന്മാര്ക്ക് ഇടയിലുള്ള പകയുടെ കഥയാണ് ചിത്രം പറയുന്നത്. തെന്നിന്ത്യന്‍ താരം അഞ്ജലി ആണ് നായികയായി എത്തുന്നത്. ശ്രിന്ദ, ശ്രീകാന്ത്, ശരത് സഭ, കിച്ചു ടെല്ലസ്, ആര്യ സലിം, സാബുമോന് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. ജോജു- മാര്ട്ടിന് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോള്‍ മലയാള സിനിമ വീണ്ടുമൊരു ഹിറ്റടിക്കുമോ എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.