കുറച്ച് നാളുകളായി കിഡ്നി സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു നടി അംബിക റാവു. എന്നാൽ താരത്തിന്റെ അവസ്ഥ ഇപ്പോൾ വളരെ മോശം ആണെന്നും ചികിത്സയ്ക്കുള്ള പണം ഇല്ലാത്തതിനാൽ ചികിത്സ പ്രതിസന്ധിയിൽ ആണെന്നും കാണിച്ചുകൊണ്ട് നടിയുമായി അടുപ്പമുള്ളവർ രംഗത്ത് വന്നിരുന്നു. താരത്തിന്റെ ചികിത്സയ്ക്കുള്ള പണം തന്നു സഹായിക്കണം എന്ന വാർത്ത ആയിരുന്നു വന്നത്. ഇപ്പോഴിതാ താരത്തിന് ചികിത്സയ്ക്കായി ധനസഹായം നൽകിയിരിക്കുകയാണ് ജോജു ജോർജ്ജ്.
സംവിധായൻ സാജിദ് യാഹിയയാണ് അംബികയുടെ ദുരവസ്ഥ ജോജു ജോർജിന്റെ ശ്രദ്ധയിൽ പെടുത്തിയത്. ഉടൻ തന്നെ അടിയന്തര സഹായത്തിനായി ഒരു ലക്ഷം രൂപയാണ് ജോജു താരത്തിന് നൽകാമെന്ന് ഉറപ്പ് നൽകിയത്. സഹസംവിധായികയായും അഭിനേതാവായും മലയാള സിനിമയിൽ സജീവമായിരുന്ന അംബിക റാവു ദീർഘ നാളുകളായി ചികിത്സയിലാണ്. ആഴ്ച്ചയിൽ രണ്ടു തവണ ഡയാലിസിസിന് വിധേയയാകേണ്ടതുണ്ട്.ഒരുപാട് നാളായി പല സുഹൃത്തുക്കളുടെയും സഹായത്തോടെ തുടരുന്ന ചികിത്സ ഇനിയും മുന്നോട്ട് കൊണ്ട് പോകാൻ സുമനസ്സുകളായ നിങ്ങളുടെ ചെറുതും വലുതുമായ സഹായം ആവശ്യമാണെന്ന് നടിയോട് അടുത്തവൃത്തങ്ങൾ പറയുന്നു.
താരത്തിന് വേണ്ട സഹായവും പിന്തുണയും നൽകിക്കൊണ്ടിരുന്നു സഹോദരൻ സ്ട്രോക്ക് വന്നു ആശുപത്രിയിൽ ആയതോടെയാണ് മുൻപോട്ടുള്ള ചികിത്സ വഴിമുട്ടിയത്. സിനിമ രംഗത്ത് ഉള്ളവർ ഒരുപാട് സഹായം ചെയ്തിരുന്നുവെന്നും ആ സഹായങ്ങൾ കൊണ്ടാണ് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നതും. നടിയെന്ന നിലയിൽ മാത്രമല്ല സഹസംവിധായകയായും താരം സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ട്.