മലയാളികൾക്ക് ജോജു ജോർജ് എന്ന നടൻ പ്രിയങ്കരനായത് ജോസഫ് എന്ന ചിത്രത്തിന് ശേഷമാണ്. ജോജുവിന്റെ പുതിയ ചിത്രമായ ഇരട്ടയ്ക്ക് നിറഞ്ഞ കൈയടിയാണ് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ജോസഫിന് ശേഷമുള്ള ജോജുവിന്റെ മികച്ച ചിത്രമാണ് ഇരട്ട എന്നാണ് പ്രേക്ഷകർ ഒറ്റ സ്വരത്തിൽ പറയുന്നത്. നല്ല പടമാണെന്നും ജോജു കലക്കിയെന്നും ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ പറഞ്ഞു.
ജോജുവിന്റെ നല്ല പ്രകടനമായിരുന്നു സിനിമയെന്നും വളരെ നല്ലൊരു ത്രില്ലർ മൂവിയാണെന്നും മറ്റൊരു പ്രേക്ഷകൻ അഭിപ്രായപ്പെട്ടു. ട്വിസ്റ്റും എൻഗേജിംഗും ആയി ചിത്രം പ്രേക്ഷകർക്ക് പ്രിയപ്പെടുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ത്രില്ലിംഗ് സിനിമ ഇഷ്ടപ്പെടുന്നവരെ പിടിച്ചിരുത്തുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഉള്ളുലയ്ക്കുന്ന ചിത്രമാണ് ഇരട്ട എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. വാഗമൺ പൊലീസ് സ്റ്റേഷനിൽ പട്ടാപ്പകൽ നടക്കുന്ന ഒരു കുറ്റകൃത്യവും അതിനെ പിൻപറ്റി നടക്കുന്ന അന്വേഷണവുമാണ് ഇരട്ട സിനിമയുടെ അടിസ്ഥാനം. പൂർണമായും ഒരു കുറ്റാന്വേഷണ ചിത്രമല്ല ഇരട്ട. ഓരോ കഥാപാത്രങ്ങളും ജീവിതത്തിലേക്കാണ് പ്രേക്ഷകനെ കൂട്ടിക്കൊണ്ടു പോകുന്നത്.