അഭിനേതാക്കളായ വിജയകുമാറിന്റേയും മഞ്ജുളയുടേയും മകളായ വനിത വിജയകുമാർ കഴിഞ്ഞ ദിവസം വിവാഹിതയായിരുന്നു. വിജയുടെ നായികയായി 1995 ല്‍ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് വനിത. തമിഴിലും ബോളിവുഡിലും ശ്രദ്ധേയനായ വിഷ്വല്‍ ഇഫക്ട്സ് എഡിറ്റര്‍ പീറ്റര്‍ പോൾ ആണ് താരത്തിന്റെ കഴുത്തിൽ മൂന്നാമത് മിന്നുചാർത്തിയത്. നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ വിവാഹത്തിന് പിന്നാലെ വിവാദങ്ങളും ഉടൽ എടുത്തിരിക്കുകയാണ്.
താരം മലയാളത്തിലും തെലുങ്കിലും പല ചിത്രങ്ങളിലും അഭിനയിച്ചു. അതിനുശേഷം പത്തൊമ്പതാം വയസ്സിൽ നടൻ ആകാശുമായി താരം വിവാഹിതയായി. എന്നാൽ ഇവരുടെ ദാമ്പത്യബന്ധം അധികനാൾ നീണ്ടു പോയില്ല. രണ്ടായിരത്തിലാണ് ഇരുവരും വിവാഹിതരായത്. 2007 ൽ വിവാഹമോചനവും നടത്തി. ഈ ബന്ധത്തിൽ ഇരുവർക്കും ഒരു മകനും മകളുമുണ്ട്. ആന്ധ്രാപ്രദേശില്‍ നിന്നുള്ള ആനന്ദ് ജയ് രാജ് എന്ന വ്യക്തിയുമായി താരം വീണ്ടും 2007ൽ തന്നെ വിവാഹിതയായി. എന്നാൽ ഈ ബന്ധം 2010 ൽ അവസാനിക്കുകയും അതിൽ ഒരു മകൾ ഉണ്ടാവുകയും ചെയ്തു. പിന്നീട് ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയപ്പോഴാണ് താരം വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്.
വിവാഹത്തിന് ശേഷം നിരവധി വിവാദങ്ങളാണ് ഉയർന്നു വന്നു കൊണ്ടിരിക്കുന്നത്. അതിനിടയിലാണ് മകൾ ജോവിക അമ്മക്ക് വിവാഹാശംസകൾ നേർന്ന് എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നത്. സോഷ്യൽ മീഡിയയിലാണ് ജോവിക കുറിപ്പ് പങ്ക് വെച്ചിരിക്കുന്നത്.
അമ്മയെ ഓർത്ത് ഞാൻ വളരെ സന്തോഷവതിയാണ്.. അഭിമാനിതയുമാണ്. കുടുംബം എന്ന് നമ്മൾ വിളിക്കുന്ന സന്തോഷത്തിന്റെയും സാഹസികതയുടെയും ആവേശത്തിന്റെയും സത്യത്തിന്റെയും ഈ ലോകത്തിലേക്ക് പപ്പയെ കൂടി കൂടെ കൂട്ടുന്നതിൽ ഞാൻ ഏറെ സന്തോഷത്തിലാണ്. ഇപ്പോഴാണ് നമ്മുടെ കുടുംബം പൂർത്തിയായത്. ഇങ്ങനെ ഒരു അംശം ഈ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല എന്ന് ഞാൻ ഒരിക്കൽ പോലും ഓർത്തിരുന്നില്ല. അത്ഭുതത്തിന്റെ കാണാമറയത്ത് നിന്നും ഇങ്ങനെ ഒന്ന് കണ്ടുപിടിച്ച് തന്നതിന് ഒത്തിരി നന്ദി. അമ്മക്കുള്ളത് പോലെയുള്ള സുഹൃത്തുക്കൾ എനിക്കും ഭാവിയിൽ ഉണ്ടാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തോളമായി അവരെ എനിക്ക് അറിയാം. ഹൃദയത്തോട് ചേർത്ത് അവരെ സ്നേഹിക്കുന്നുമുണ്ട്. ആരെങ്കിലും എന്റെ കുടുംബത്തെ കുറിച്ച് ചോദിച്ചാൽ അവരുടെ പേരുകളും ആ കൂട്ടത്തിൽ ഉണ്ടാകും. പലരും പലതും പറയും.. പക്ഷേ ഒന്നോർക്കുക..! ഇത് നമ്മുടെ ജീവിതമാണ്.. ഇത് നമുക്കിഷ്ടമുള്ളത് പോലെ ജീവിക്കും. സ്നേഹം എന്നത് പകരുന്ന ഒന്നാണ്.. ലോകം മുഴുവൻ അത് നിറഞ്ഞ് നിൽക്കുകയാണ്. നമുക്ക് അതിന് വിധേയരാകാം.. ഒരിക്കലും നമ്മൾ മടുക്കില്ല. കൂടുതൽ ആനന്ദവും സന്തോഷവും നേരുന്നു.