തമിഴ് – മലയാളം സിനിമ രംഗത്തെ പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ കെവി ആനന്ദ് കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് ഹൃദയാഘാതം മൂലം ഇന്ന് പുലർച്ചെയാണ് മരണമടഞ്ഞത്. 54 വയസ്സായിരുന്നു. വെള്ളിയാഴ്ച രാവിലെ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാവുകയും പുലര്‍ച്ചെ മൂന്ന് മണിയോടെ അന്തരിക്കുകയും ആയിരുന്നു. ഫോട്ടോഗ്രാഫിയില്‍ ആരംഭിച്ച് ഛായാഗ്രാഹകനായി സംവിധാനത്തിലേക്ക് എത്തിയ അത്ഭുത പ്രതിഭയായിരുന്നു കെവി ആനന്ദ്. മൂന്ന് രംഗത്തും തന്റെ കൈയൊപ്പ് പതിപ്പിക്കാന്‍ കെവി ആനന്ദിന് കഴിഞ്ഞിരുന്നു. വളരെ ചുരുക്കം ചിത്രങ്ങളെ അദ്ദേഹം ചെയ്തിട്ടുള്ളൂവെങ്കിലും അതിലൊക്കെയും അദ്ദേഹത്തിന്റെ മാന്ത്രികത കൊണ്ട് വരാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
പിസി ശ്രീറാമിന്റെ അസിസ്റ്റന്റ് ക്യാമറമാനായി എത്തിയ അദ്ദേഹം നിരവധി ചിത്രങ്ങളില്‍ അദ്ദേഹത്തോടൊപ്പം പ്രവൃത്തിക്കുകയും ചെയ്തു. അമരന്, തേവര്മകന്, തിരുട തിരുടി എന്നീ ചിത്രങ്ങളില്‍ എല്ലാം അദ്ദേഹം പിസി ശ്രീറാമിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ പ്രിയദര്‍ശന്റെ തേന്മാവിന് കൊമ്പത്ത് എന്ന ചിത്രത്തിലാണ് അദ്ദേഹം ഒരു സ്വതന്ത്ര ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിച്ചത്. തേന്മാവിന് കൊമ്പത്തിലൂടെ 1994 ലെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്ക്കാരം അദ്ദേഹം കരസ്ഥമാക്കി. തുടർന്ന് മിന്നാരം, ചന്ദ്രലേഖ എന്നീ ചിത്രങ്ങളിലും ലാലേട്ടനൊപ്പം പ്രവർത്തിച്ച അദ്ദേഹത്തിന്റെ അവസാനചിത്രമായ കാപ്പാനിലും ലാലേട്ടൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പൃഥ്വിരാജ്, ഗോപിക തുടങ്ങിയവര്‍ അഭിനയിച്ച കന കണ്ടേന് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധാന രംഗത്തേക്ക് എത്തുന്നത്. അതിന് പിന്നാലെ സൂര്യയെയും തമന്നയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി കൊണ്ടുള്ള അയനും സംവിധാനം ചെയ്തു. കോ, മാട്രാന്, അനേഗന്‍, കാവന്, കാപ്പന് എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ അതിന് ശേഷം അദ്ദേഹം സംവിധാനം ചെയ്തു. ഇതിന് പുറമെ മീര, ശിവാജി, മാട്രാന്, കാവന് തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിക്കുകയും ചെയ്തു.