മമ്മൂട്ടിയുടെ നായികയായി തെന്നിന്ത്യൻ സൂപ്പർ നായിക ജ്യോതിക നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കാതൽ. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. നിറപുഞ്ചിരിയോടെ മമ്മൂട്ടിയും ജ്യോതികയും വീടിൻ്റെ ഉമ്മറത്ത് ഇരിക്കുന്ന രീതിയിലുള്ളതാണ് പോസ്റ്റർ. മനോഹരമായ ഒരു പ്രണയത്തിൻ്റെ കഥ പറയുന്ന ചിത്രമായിരിക്കും കാതൽ എന്നാണ് ഇത് സൂചന നൽകുന്നത്. കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്, ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ജിയോ ബേബിയാണ് ചിത്രത്തിൻ്റെ സംവിധാനം നിർവഹിക്കുന്നത്.
ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ ജോർജ് സെബാസ്റ്റ്യൻ നിർമാണ പങ്കാളിയാണ്. കഴിഞ്ഞ ദിവസം ജ്യോതികയുടെ ഭർത്താവും തമിഴ് സൂപ്പർതാരവുമായ സൂര്യ ചിത്രത്തിൻ്റെ ലോക്കേഷനിൽ ആശംസകളുമായി എത്തിയിരുന്നു. കാതലിൽ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. സാലു കെ തോമസാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് – ഫ്രാൻസിസ് ലൂയിസ്, മ്യൂസിക് – മാത്യൂസ് പുളിക്കൻ, ആർട്ട് – ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ – ഡിക്സൻ പൊടുത്താസ്, ലൈൻ പ്രൊഡ്യൂസർ – സുനിൽ സിംഗ്, സൗണ്ട് ഡിസൈൻ – ടോണി ബാബു MPSC, വരികൾ – അലീന, കോസ്റ്റ്യൂംസ് – സമീറ സനീഷ്, മേക്കപ്പ് – അമൽ ചന്ദ്രൻ, കോ-ഡയറക്ടർ – അഖിൽ അനന്തൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് – മാർട്ടിൻ എൻ ജോസഫ്, കുഞ്ഞില മസിലാമണി, സ്റ്റിൽസ് – ലെബിസൺ ഗോപി, പി ആർ ഒ – പ്രതീഷ്, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, വിഷ്ണു സുഗതൻ, ഡിസൈൻ – ആൻ്റണി സ്റ്റീഫൻ എന്നിവരാണ് അണിയറ പ്രവർത്തകർ.
അതേ സമയം മമ്മൂട്ടി കമ്പനിയുടെ നിർമാണത്തിൽ ആദ്യമായി തീയറ്ററുകളിൽ എത്തിയ റോഷാക്ക് വമ്പൻ വിജയം കുറിച്ച് മുന്നേറുകയാണ്. നിസാം ബഷീർ സംവിധാനം നിർവഹിച്ച ചിത്രം മലയാളത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഒരു പരീക്ഷണ ചിത്രമാണ്. മിസ്റ്റിക്ക് ഹൊറർ ഗണത്തിൽ പെടുന്ന ചിത്രത്തിൽ മമ്മൂക്കയെ കൂടാതെ ആസിഫ് അലി, ഷറഫുദ്ദീൻ, ജഗദീഷ്, ബിന്ദു പണിക്കർ, ഗ്രേസ് ആൻ്റണി എന്നിങ്ങനെ വലിയൊരു താരനിര തന്നെ അഭിനയിച്ചിരിക്കുന്നു. റോഷാക്ക് ഡിസ്നി ഹോട്ട് സ്റ്റാറിലൂടെ ഇപ്പോൾ പ്രേക്ഷകർക്ക് ലഭ്യമാണ്. മമ്മൂട്ടി കമ്പനിയുടെ മറ്റൊരു നിർമാണ സംരംഭമായ നൻപകൽ നേരത്ത് മയക്കം ഐ എഫ് എഫ് കെയുടെ ഇൻ്റർനാഷണൽ കാറ്റഗറിയിൽ മത്സര ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.