കാപ്പാൻ എന്ന ചിത്രത്തിലേക്ക് മലയാളികളുടെ ശ്രദ്ധ ആദ്യം പതിയുന്നത് തമിഴകത്തിന്റെ ഹീറോ സൂര്യക്കൊപ്പം മലയാളികളുടെ സ്വന്തം ലാലേട്ടനും ഒന്നിക്കുന്നു എന്നറിഞ്ഞപ്പോഴാണ്. സൂര്യക്ക് ‘അയൻ’ എന്ന സൂപ്പർഹിറ്റ് സമ്മാനിച്ച സംവിധായകൻ കെ വി ആനന്ദിന്റെ പേര് കൂടി കൂട്ടി ചേർത്തപ്പോൾ പ്രതീക്ഷകൾ ഇരട്ടിച്ചു. മോഹൻലാലിന്റെ പ്രധാനമന്ത്രിയായുള്ള സ്റ്റിൽസും സൂര്യയുടെ ആക്ഷൻ സ്റ്റിൽസും പ്രതീക്ഷകളുടെ ആക്കം വീണ്ടും കൂട്ടി. എങ്കിൽ പോലും ഈ അടുത്ത് ഇറങ്ങിയ സൂര്യ ചിത്രങ്ങൾ ബോക്സോഫീസിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാതിരുന്നത് കൊണ്ട് ആ പ്രതീക്ഷകൾക്ക് കുറച്ച് നിറം മങ്ങിയിരുന്നു. ആ പ്രതീക്ഷകളുടെ മുകളിലേക്കാണ് കാപ്പാൻ ഇന്ന് തീയറ്ററുകളിൽ എത്തിയിരിക്കുന്നത്.
ഇന്ത്യൻ പ്രധാനമന്ത്രി ചന്ദ്രകാന്ത് വർമ്മയുടെ സെക്യൂരിറ്റി വിഭാഗത്തിൽ പെട്ട ഓഫീസറാണ് കതിർ. പ്രധാനമന്ത്രിയുടെയും കുടുംബത്തിന്റെയും സുരക്ഷക്ക് മാത്രമായി നിയോഗിക്കപ്പെട്ടിരിക്കുന്ന ഈ സെക്യൂരിറ്റി വിഭാഗത്തെ കുറിച്ച് പൊതുജനത്തിന് വലിയ അറിവുള്ളതല്ല. ഈ അടുത്തിറങ്ങിയ സൂര്യ ചിത്രങ്ങളിൽ അദ്ദേഹത്തിൽ നിന്നും ലഭിച്ച മികച്ചൊരു പ്രകടനം തന്നെയാണ് കാപ്പാനിലേത്. കെ വി ആനന്ദ് എന്ന സംവിധായകന് മോഹൻലാലിന് വേണ്ടത്ര പ്രാധാന്യം ചിത്രത്തിൽ നൽകുവാൻ സാധിച്ചില്ല എന്നത് ഒരു കുറവാണ്. ഭാഷകൾക്ക് അതീതമാണ് തന്റെ അഭിനയമെന്ന് തന്റെ പ്രകടനം കൊണ്ട് തെളിയിക്കുവാനും ലാലേട്ടന് സാധിച്ചിട്ടുണ്ട്.
വമ്പൻ താരനിര തന്നെയാണ് ചിത്രത്തിന്റെ മറ്റൊരു വലിയ സവിശേഷതയും. പ്രധാനമന്ത്രിയുടെ മകൻ അഖിൽ വർമയായി എത്തിയ ആര്യയും സയ്യെഷയും ബോളിവുഡ് താരം ബൊമൻ ഇറാനിയുമെല്ലാം നിറഞ്ഞു നിന്ന കാസ്റ്റിൽ എല്ലാവരും തന്നെ മികച്ചൊരു പ്രകടനം അവരിൽ പുറത്തു കൊണ്ട് വരുവാൻ ശ്രമിച്ചിട്ടുമുണ്ട്.. വിജയിച്ചിട്ടുമുണ്ട്. സമകാലീന ഇന്ത്യയിലെ കർഷകരുടെ പ്രശ്നങ്ങൾ, വ്യവസായ പ്രശ്നങ്ങൾ , പാകിസ്ഥാന്റെ ഭാഗത്തുള്ള പ്രകോപനങ്ങൾ അതുപോലെ ഇന്ത്യയിലെ അംബാനിമാരെയല്ലാം ചിത്രത്തിൽ വരച്ചു കാട്ടാൻ ആവുന്നത്ര ശ്രമിച്ചിട്ടുണ്ട് എന്നതും അഭിനന്ദനാർഹമാണ്. ദൈർഘ്യം ഏറിയതും ഫാമിലി ചേരുവകൾ അധികം ഒന്നും കാണാത്തതും ചിത്രത്തിന് ഒരു വിലങ്ങു തടിയാകുവാൻ സാധ്യതയുണ്ട്.
![Kaappaan Tamil Movie Mohanlal Suriya Review](https://i0.wp.com/cinemadaddy.com/wp-content/uploads/2019/09/Kaappaan-Tamil-Movie-Mohanlal-Suriya-Review-3.jpg?resize=788%2C456&ssl=1)
ഇമൈക്ക നൊടികൾക്ക് ശേഷം പട്ടുകോട്ടൈ പ്രഭാകർ ഒരുക്കിയ തിരക്കഥയിൽ സംവിധായകനും പങ്കാളിയായിട്ടുണ്ട്. പക്ഷെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന എന്തോ ഒന്ന് ലഭിക്കാതെയും പോയിട്ടുണ്ട്. ഹാരിസ് ജയരാജിന്റെ ഗാനങ്ങളും മികച്ചതാണ്. അതോടൊപ്പം തന്നെ എം എസ് പ്രഭു ഒരുക്കിയ കാഴ്ച്ചകൾ കണ്ടിരിക്കുവാൻ ഒരു സുഖമാണ്. നല്ലൊരു എൻഗേജിങ്ങ് ത്രില്ലർ കണ്ടിരിക്കുവാൻ കൊതിക്കുന്നവർക്ക് തീർച്ചയായും ടിക്കറ്റ് എടുക്കാവുന്ന ചിത്രമാണ് കാപ്പാൻ.