വ്യത്യസ്തവുമായി പ്രമേയവുമായി എത്തി തിയറ്ററുകൾ കീഴടക്കിയ മമ്മൂട്ടി ചിത്രം ‘കാതൽ – ദി കോർ’ വിജയകരമായി പ്രദർശനം തുടരുന്നു. മമ്മൂട്ടി, ജ്യോതിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. നൻപകൽ നേരത്ത് മയക്കം,റോഷാക്ക്, കണ്ണൂർ സ്ക്വാഡ് എന്നീ ചിത്രങ്ങൾ പോലെ തന്നെ മമ്മൂട്ടി കമ്പനിയുടെ കാതൽ ദി കോറും മികച്ച അഭിപ്രായമാണ് സ്വന്തമാക്കിയിരിക്കുന്നത്. നവംബർ 23ന് ആയിരുന്നു കാതൽ ദി കോർ തിയറ്ററുകളിൽ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് ആദ്യ വാരാന്ത്യത്തിൽ ചിത്രം നേടിയ കളക്ഷൻ ആണ് പുറത്ത് വിട്ടിരിക്കുന്നത്.
നവംബർ 23 മുതൽ 26 വരെ ചിത്രം നേടിയ കളക്ഷൻ 5.33 കോടി രൂപയാണ്. ആദ്യ ഞായറാഴ്ച മാത്രം നേടിയത് 1.65 കോടിയാണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. ഒന്നാം ദിവസം 1.05 കോടി, രണ്ടാം ദിനം 1.18 കോടി, മൂന്നാം നാൾ 1.45 കോടി എന്നിങ്ങനെയാണ് മറ്റ് ദിവസങ്ങളിലെ കണക്കുകൾ. ആഗോള തലത്തിൽ കാതൽ ദി കോർ ഇതുവരെ എട്ട് കോടി അടുപ്പിച്ച് നേടിയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. കാതൽ റിലീസ് ചെയ്യുന്നതിന് മുൻപ് റിലീസ് ചെയ്ത് മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡ് ആദ്യ ഞായർ മാത്രം നേടിയത് 4 മുതല് 4.5 കോടി ആയിരുന്നു. അതേസമയം, കാതലിന് മികച്ച ബുക്കിംഗ് ആണ് നിലവിൽ നടന്നു കൊണ്ടിരിക്കുന്നത്.
മാത്യു ദേവസി എന്ന കഥാപാത്രമായി മമ്മൂട്ടി മികച്ച പ്രകടനം നടത്തിയപ്പോൾ ഓമനയായി ജ്യോതികയും പ്രേക്ഷകരെ കൈയിലെടുത്തു. ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. സാലു കെ തോമസാണ് ഛായാഗ്രാഹകൻ. മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. വർഷങ്ങളുടെ ഇടവേളക്ക് ശേഷം മമ്മൂട്ടിക്കൊപ്പം ‘കാതൽ ദി കോർ’ലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് തെന്നിന്ത്യൻ താരം ജ്യോതിക. 2009-ൽ പുറത്തിറങ്ങിയ ‘സീതാകല്യാണം’ ആണ് ജ്യോതിക ഒടുവിലായി അഭിനയിച്ച മലയാള ചിത്രം. ചിത്രസംയോജനം: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ, ഗാനരചന: അൻവർ അലി, ജാക്വിലിൻ മാത്യു, കലാസംവിധാനം: ഷാജി നടുവിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ്. ജോർജ്, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്, സൗണ്ട് ഡിസൈൻ: ടോണി ബാബു, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ, കോ ഡയറക്ടർ: അഖിൽ ആനന്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മാർട്ടിൻ എൻ. ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: അസ്ലാം പുല്ലേപ്പടി, സ്റ്റിൽസ്: ലെബിസൺ ഗോപി, ഓവർസീസ് വിതരണം ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്ണു സുഗതൻ, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, പിആർഒ: ശബരി.