പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രം ‘കടുവ’ ജൂൺ 30ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രം റിലീസ് ചെയ്യുന്നതിനു മുന്നോടിയായി വമ്പൻ പ്രമോഷനാണ് ചിത്രത്തിനു വേണ്ടി അണിയറപ്രവർത്തകർ ഒരുക്കുന്നത്. ജൂൺ 24ന് ബംഗളൂരുവിലാണ് ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾ. തുടർന്ന് ജൂൺ 25ന് ഹൈദരാബാദിലും ജൂൺ 27ന് ചെന്നൈയിലും പ്രമോഷനുമായി അണിയറപ്രവർത്തകർ എത്തും. ജൂൺ 28നാണ് കൊച്ചിയിൽ പ്രമോഷൻ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ നാല് പ്രമുഖ നഗരങ്ങളിലായി നാല് വമ്പൻ പരിപാടികളാണ് ചിത്രത്തിന്റെ പ്രമോഷനായി അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്.
ബംഗളൂരുവിൽ ജൂൺ 24ന് യശ്വന്ത്പുർ താജിൽ രണ്ടു മണിക്കാണ് പ്രസ് മീറ്റ് നിശ്ചയിച്ചിരിക്കുന്നത്. ജൂൺ 27ന് ചെന്നൈ ഗ്രീൻ പാർക്കിൽ വൈകുന്നേരം മൂന്നു മണിക്കും ജൂൺ 25ന് ഹൈദരാബാദിലെ ആവാസ ഹോട്ടലിൽ വൈകുന്നേരം മൂന്ന് മണിക്കുമാണ് പ്രസ് മീറ്റ് നിശ്ചയിച്ചിരിക്കുന്നത്. ജൂൺ 28നാണ് കൊച്ചിയിലെ പ്രസ് മീറ്റ്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമാണം സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ജിനു വി എബ്രഹാം ആണ്.
അതേസമയം, യുവതാരം പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘കടുവ’യ്ക്ക് എതിരെ പരാതി. ‘കടുവ’യുടെ കഥ മോഷണമാണെന്ന് ആരോപിച്ചുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹർജിയുമായി ബന്ധപ്പെട്ട് കഥാകൃത്ത് ജിനു വർഗീസ് എബ്രഹാമിനും നിർമാതാവ് സുപ്രിയ മേനോൻ തുടങ്ങിയവർക്ക് കോടതി നോട്ടീസ് അയച്ചു. തമിഴ്നാട് സ്വദേശി മഹേഷ് എം ആണ് തന്റെ കഥ മോഷ്ടിച്ചാണ് ചിത്രം നിർമിച്ചതെന്ന് പരാതി നൽകിയത്. ജസ്റ്റിസ് സി എസ് ഡയസ് ആണ് ഹർജിയിൽ നടപടി സ്വീകരിച്ചത്.